സ്റ്റാലിനും പിണറായിക്കും പിന്നാലെ ഉലകനായകനും “ഹിന്ദി അടിച്ചേൽപ്പിക്കാൻ നോക്കേണ്ട”

0
116

ചെന്നൈ: എം കെ സ്റ്റാലിൻ, പിണറായി വിജയൻ എന്നീ മുഖ്യമന്ത്രിമാർക്കും ഡി.എം.കെ., സി പി ഐ എം പാർട്ടികൾക്കും പിന്നാലെ തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രീയപാർട്ടികളും ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരേ പ്രതിഷേധിച്ചു. എൻ.ഡി.എ. സഖ്യകക്ഷിയും പ്രധാന പ്രതിപക്ഷവുമായ എ.ഐ.എ.ഡി.എം.കെ.യും കേന്ദ്രസർക്കാരിനെതിരേ രംഗത്തുവന്നു. മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ ഹിന്ദിവിഷയത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ്, എം.ഡി.എം.കെ., പി.എം.കെ. തുടങ്ങിയ പാർട്ടികളും പ്രതിഷേധിച്ചു. ആദ്യ പ്രതികരണം സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേതായിരുന്നു.

ജോലികൾക്കും വിദ്യാഭ്യാസത്തിനും ഹിന്ദിപ്രാവീണ്യം നിർബന്ധമാക്കണമെന്ന ഔദ്യോഗികഭാഷ പാർലമെന്റ് സമിതിയുടെ ശുപാർശയെത്തുടർന്നാണ് തമിഴ്‌നാട്ടിൽ ഹിന്ദിവിരുദ്ധപ്രതിഷേധം ഉയർന്നത്.

ഒരിക്കൽക്കൂടി ഭാഷാസമരത്തിന് നിർബന്ധിക്കരുതെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്റ്റാലിൻ പ്രതികരിച്ചിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് തമിഴ്‌നാട്ടിൽ കോൺഗ്രസിന് അടിതെറ്റിയതെന്ന് ബി.ജെ.പി. മനസ്സിലാക്കണമെന്ന് മുതിർന്ന എ.ഐ.എ.ഡി.എം.കെ. നേതാവ് ഡി. ജയകുമാർ പറഞ്ഞു. തമിഴ്‌നാട്ടിൽ ഹിന്ദിക്ക് ഒരു പ്രസക്തിയുമില്ലെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

നാട്ടിലെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻകഴിയാത്ത കേന്ദ്രസർക്കാർ രാജ്യത്ത് ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ ആരോപിച്ചു. അവശ്യസാധനങ്ങളുടെ വിലവർധന, സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഭാഷ ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ വേർതിരിവുണ്ടാക്കുന്നതെന്നും കമൽ പറഞ്ഞു.

ഹിന്ദി അടിച്ചേൽപ്പിക്കൽ നടപടികളിൽനിന്ന് പിൻമാറണമെന്ന് പി.എം.കെ. നേതാവ് അൻപുമണി രാമദാസും ആവശ്യപ്പെട്ടു. എം.ഡി.എം.കെ. നേതാവ് വൈകോയും കേന്ദ്രത്തിനെതിരേ രംഗത്തെത്തി.

കോൺഗ്രസ് ഒരുഭാഷയ്ക്കും എതിരല്ലെന്നും എന്നാൽ, ഭാഷ അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുമെന്നും ടി.എൻ.സി.സി. പ്രസിഡന്റ് കെ.എസ്. അഴഗിരി പറഞ്ഞു.