ഒറ്റ ചാർജിൽ 521 കിലോമീറ്റർ റേഞ്ചുള്ള വാഹനം 50,000 രൂപ നൽകി ബുക്ക് ചെയ്യാം

0
65

ചൈനീസ് വാഹന നിർമാതാക്കളായ ബി.വൈ.ഡി (ബിൾഡ് യുവർ ഡ്രീംസ്) യുടെ ആദ്യ എസ്.യു.വി ഇന്ത്യയിൽ അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ ഇലക്ട്രിക് എം.പി.വിയായ ഇ6നുശേഷമാണ് പുതിയൊരു എസ്‍.യു.വിയുമായി ബി.വൈ.ഡി എത്തുന്നത്. ആറ്റോ 3 എന്ന് പേരിട്ടിരിക്കുന്ന പുതിയ എസ്.യു.വിയുടെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. ഒറ്റ ചാർജിൽ 521 കിലോമീറ്റർ റേഞ്ചുള്ള വാഹനം 50,000 രൂപ നൽകി ബുക്ക് ചെയ്യാം. വില അടുത്ത മാസം പ്രഖ്യാപിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 500 വാഹനങ്ങൾ ജനുവരിയിൽ വിതരണം ചെയ്യുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

ആറ്റോ 3ന്റെ ഇന്ത്യൻ പരീക്ഷണയോട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ചൈനീസ് വിപണിയിലെത്തിയ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇ6 ന് പിന്നാലെ ബി.വൈ.ഡി പുറത്തിറക്കുന്ന രണ്ടാമത്തെ പാസഞ്ചർ കാറാണ് ആറ്റോ 3. ബി.വൈ.ഡിയുടെ ഇ–പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിർമാണം. രാജ്യന്തര വിപണിയിൽ രണ്ടു 49.92 kWh, 60.48 kWh എന്നിങ്ങനെ രണ്ടു ബാറ്ററി പാക്കുകളുണ്ടെങ്കിലും ഇന്ത്യയിൽ 60.48 kWh മാത്രമാണുള്ളത്. ഒറ്റചാർജിൽ 512 കിലോമീറ്ററാണ് എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. കൂടുതൽ സുരക്ഷിതമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് ആറ്റോ 3യിൽ ഉള്ളത്.

വാഹനം പുറത്തിറങ്ങുന്നതിന്റെ പ്രൊമോഷണൽ പാക്കേജിന്റെ ഭാഗമായി മൂന്നു വർഷത്തേയ്ക്ക് 4 ജി ഡേറ്റ സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ 6 വർഷം റോഡ്സൈഡ് അസിസ്റ്റൻസും 6 സൗജന്യ മെയിന്റനൻസ് സർവീസും. ആറു വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറന്റിയുമായാണ് വാഹനമെത്തുന്നത്. ബാറ്ററിക്ക് എട്ടുവർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറന്റിയുണ്ട്.

 

എംജി സിഎസ് ഇവി, ഹ്യുണ്ടേയ് കോന അടക്കമുള്ളഎസ്.യു.വി കൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് ആറ്റോ 3 യുടെ വരവ്. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,455 എംഎം 1,875 എംഎം 1,615 എംഎം. 2,720 എംഎം വീൽബേസുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 150 എംഎം. എംജി സിഎസിനെക്കാൾ 132 എംഎമ്മും ഹ്യുണ്ടേയ് കോനയെക്കാൾ 275 എംഎം നീളക്കൂടുതലും ആറ്റോ 3നുണ്ട്.