‘അവരെ നേരെയാക്കാൻ സമ്പൂർണ ബഹിഷ്കരണമാണ് പ്രതിവിധി’ മുസ്ലീങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി

0
35

മുസ്ലിം സമുദായത്തെ ലക്ഷ്യം വച്ച് ബിജെപി എംപി നടത്തിയ പ്രസ്താവന വിവാദത്തിൽ. ഡൽഹിയിൽ നിന്നുള്ള പ്രവേഷ് വർമയാണ് മുസ്ലീങ്ങൾക്കെതിരെ വിവാദ പ്രസംഗം നടത്തിയത്. ഒരു പ്രത്യേക സമൂഹത്തിന്റെ തലയും മനസ്സും ശരിയാക്കി നേർവഴിക്കെത്തിക്കാൻ അവരെ സമ്പൂർണ്ണമായി ബഹിഷ്‌കരണമെന്നായിരുന്നു പ്രസ്താവന. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ആഹ്വാനം.

ഹിന്ദു യുവാവിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ബിജെപി എംപിയുടെ വിവാദ പ്രസ്താവന. ഒരു പ്രത്യേക സമൂഹത്തെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രവേഷ് വർമ, പ്രവർത്തകർക്ക് മുസ്ലിം വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കനത്ത മഴയിലും ബിജെപി നേതാവിൻ്റെ വാക്കുകൾ ഏറ്റു ചൊല്ലുന്ന അണികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

“ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരുടെ തലയും മനസ്സും ശരിയാക്കി നേർവഴിക്ക് എത്തിക്കാൻ അവരെ സമ്പൂർണമായി ബഹിഷ്കരിക്കണം. ഈ സമുദായത്തിൽ പെട്ടവരുടെ കടയിൽ നിന്നും നിങ്ങൾ സാധനങ്ങൾ വാങ്ങരുത്. അവർക്ക് കൂലി നൽകരുത്. സാമ്പത്തികമായി ബഹിഷ്‌കരിക്കണം. പണം ലഭിക്കാതെ വരുമ്പോൾ ഈ സമൂഹം നമുക്ക് പിന്നിൽ വരും. ഞാൻ ചൊല്ലുന്നത് നിങ്ങൾ ഏറ്റു ചൊല്ലുക…” – എംപി പർവേഷ് വർമ ​​യോഗത്തിനിടെ പറയുന്നു.

“അവർ നടത്തുന്ന വഴിയോര കടയിൽ നിന്നും പച്ചക്കറികൾ വാങ്ങേണ്ടതില്ല. അവർ മത്സ്യ-മാംസ കടകൾ തുറക്കും. ലൈസൻസ് ഇല്ലെങ്കിൽ അവ അടച്ചുപൂട്ടാൻ ഞങ്ങൾ എം‌സി‌ഡിയോട് (മുനിസിപ്പൽ കോർപ്പറേഷനോട്) പറയും. നിങ്ങൾ അവരെ എവിടെ കണ്ടാലും, നിങ്ങൾക്ക് അവരുടെ തല ശരിയാക്കണമെങ്കിൽ, അവരെ നേരെയാക്കണമെങ്കിൽ, സമ്പൂർണ ബഹിഷ്കരണം മാത്രമാണ് പ്രതിവിധി. നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ കൈ ഉയർത്തുക”- വർമ കൂട്ടിച്ചേർത്തു.

ഈ വീഡിയോ പങ്കുവച്ച് നിരവധി കോൺഗ്രസ് നേതാക്കളും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തി. എന്നാൽ ഒരു മതവിഭാഗത്തിന്റെയും പേര് താൻ പറഞ്ഞിട്ടില്ലെന്നാണ് വർമയുടെ വിശദീകരണം.