ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി-20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. മഴ കാരണം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കൊപ്പം എത്തി (1-1).
48 പന്തില്‍ 91 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേയ്ക്ക് ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ നായകന്‍ രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും 2.5 ഓവറില്‍ തന്നെ 39 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലിയ്ക്ക് (11) നിലയുറപ്പിക്കാനായില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി സൂര്യകുമാര്‍ യാദവും മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു.
ആദ്യ മത്സരത്തിലെ ഹീറോയായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ 9 പന്തില്‍ 9 റണ്‍സുമായി മടങ്ങുമ്പോഴും രോഹിത് ശര്‍മ്മ മറുഭാഗത്ത് നിലയുറപ്പിച്ചിരുന്നു. 20 പന്തില്‍ 4 ബൗണ്ടറികളും 4 സിക്‌സറുകളും പറത്തിയ രോഹിത് 46 റണ്‍സുമായി പുറത്താകാതെ നിന്നു. പ്രായം കൂടുംതോറും വീര്യം കൂടുന്ന ഫിനിഷറാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന പ്രകടനം ദിനേശ് കാര്‍ത്തിക് (2 പന്തില്‍ 10 റണ്‍സ്) പുറത്തെടുത്തതോടെ 4 പന്തുകള്‍ ബാക്കി നിര്‍ത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു.