എകെജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
97

എകെജി സെന്റർ ആക്രമണ കേസിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാ‍ജരാക്കി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം സ്കൂട്ടർ ആരുടേതാണെന്നോ സ്ഫോടക വസ്തുവിനെ കുറിച്ചോ വ്യക്തമായി പ്രതി പറയുന്നില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍.

സ്ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഡിയോ സ്കൂട്ട‍ര്‍ ഗൗരീശ പട്ടം വരെ ജിതിൻ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. സ്കൂട്ടറിന് പിന്നിൽ ഗൗരീശ പട്ടം മുതൽ ഒരു കാറാണുള്ളത്. സിസിടിവി പരിശോധിച്ചപ്പോൾ ഇത് കെഎസ്ഇബിയുടെ ബോ‍ര്‍ഡ് വച്ച കാറാണെന്ന് കണ്ടെത്തി. തുട‍ർന്ന് നടത്തിയ അന്വേഷണത്തിൽ കാ‍ര്‍ ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി. കാറിന്റെ ഡിക്കിയും അസാധാരണമായ നിലയിൽ തുറന്നിരിക്കുകയായിരുന്നുവെന്നതും സിസിടിവിയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.