ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് മുൻ താജ് ഹോട്ടൽ മാനേജർ

0
51

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് മുൻ താജ് ഹോട്ടൽ മാനേജർ കരംബീർ കാങ്. 26/11 മുംബൈ ഭീകരാക്രമണത്തിൽ സമയത്ത് മുംബൈയിലെ താജ് ഹോട്ടലിന്റെ ജനറൽ മാനേജരായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ പോരാടാൻ ലോക രാജ്യങ്ങൾ ഒരുമിച്ച്‌ നിൽക്കുകയും കർശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്‌ട്രസഭയുടെ ആദ്യ ഗ്ലോബൽ കോൺഗ്രസിന്റെ ഉദ്ഘാടന പരിപാടിക്കിടെ ഭീകരവാദത്തിൽ ഇരയാക്കപ്പെട്ടവരുടെ അനുഭവം പങ്കു വെയ്‌ക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ സ്‌ഫോടനത്തിൽ കാങ്ങിന്റെ ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടെ നിരവധി നിരപരാധികളുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. താജ് ഹോട്ടലടക്കം നിരവധി ഇടങ്ങളിൽ ഭീകരത സൃഷ്ടിച്ച ആക്രമണത്തിന്റെ നടുക്കത്തിൽ നിന്നും രാജ്യം ഇന്നും മോചിതമായിട്ടില്ല. ഭീകരർക്ക് രാജ്യാതിർത്തികളിലേക്ക് കടന്നു വരാൻ കഴിയുന്ന എല്ലാ സഹായങ്ങളെയും തുടച്ചു നീക്കണമെന്നും അവരുടെ വംശത്തെ ഉന്മൂലനം ചെയ്യാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

2008 നവംബർ 26 ന് പത്തോളം പാകിസ്താൻ ഭീകരർ മുംബൈയിലെ അഞ്ച് പ്രധാന സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 166 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ ഓർമ്മകൾ ഇന്നും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ ഹൗസ്, കാമ ഹോസ്പിറ്റൽ, ലിയോപോൾഡ് കഫേ, ഒബ്റോയ് ട്രൈഡന്റ് ഹോട്ടൽ, താജ് എന്നിവിടങ്ങളിലാണ് ഭീകര സംഘടനായ ലഷ്‌കർ ഇ തൊയ്ബ ആക്രമണം നടത്തിയത്. തുടർന്ന് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒമ്ബത് ഭീകരർ കൊല്ലപ്പെടുകയും കൊടും ഭീകരൻ അജ്മൽ കസബ് എന്ന ഭീകരനെ പിടികൂടുകയും ചെയ്തു. നാല് വർഷത്തെ തടവിന് ശേഷം 2012ൽ പൂനെയിലെ യേർവാഡ സെൻട്രൽ ജയിലിൽ കസബിനെ തൂക്കിലേറ്റി.