മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ബംഗ്ളാദേശിനും പിന്നിൽ

0
98

ഐക്യരാഷ്ട്ര സഭയുടെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പുറകിലേക്ക്. ഇപ്പോൾ ബംഗ്ളാദേശിനും പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം. യു.എൻ.ഡി.പി പുറത്ത് വിട്ട സൂചികയിൽ ഇന്ത്യയ്ക്ക് 132 ആം സ്ഥാനമാണുള്ളത്.
2020 ൽ ഇന്ത്യയുടെ സ്ഥാനം 130 ആയിരുന്നു. നോർവേയാണ് ഇപ്പോൾ ഇതിൽ ഒന്നാമതായി നിൽക്കുന്ന രാജ്യം.

2021ലെ സൂചികയിൽ ബംഗ്ലാദേശിന് 129 ആം സ്ഥാനമാണ് ഉണ്ടായിരുന്നത്. ശ്രീലങ്ക 73 ആം സ്ഥാനത്തും ചൈന 79ആം സ്ഥാനത്തുമാണ്. ഭൂട്ടാൻ 127ആം സ്ഥാനവുമായി ഇന്ത്യക്ക് മുന്നിലാണ്. ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക. മാനവ വികസന സൂചിക രൂപപ്പെടുത്തിയത് അമർത്യാ സെന്നും, മെഹബൂബ് ഉൽ ഹഖും ചേർന്നാണ്.

ദേശീയ വരുമാനം, ആളോഹരി വരുമാനം എന്നിവ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമാണ് കാണിക്കുന്നത്. ഇത്തരം സാമ്പത്തിക മാനദണ്ഡങ്ങൾക്കു പുറമേ ജനപ്പെരുപ്പം, തൊഴിലവസരങ്ങൾ, ജീവിതനിലവാരം, ക്രമസമാധാന നില, സാക്ഷരത തുടങ്ങിയവകൂടി പരിഗണിച്ചുകൊണ്ടുള്ള എച്ച്.ഡി.ഐ രാജ്യത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെയാണ് കാട്ടുന്നത്. അതുകൊണ്ടുതന്നെ വികസനത്തിന്റെ മാനദണ്ഡമായാണ് ഇതിനെ ലോകമെമ്പാടും കണക്കാക്കുന്നത്.