വീണ്ടും സ്ഥലപ്പേര് മാറ്റി കേന്ദ്രസർക്കാർ; രാജ്പഥ് ഇനി മുതൽ കർത്തവ്യപഥ്

0
80

വീണ്ടും സ്ഥലപ്പേര് മാറ്റി കേന്ദ്രസർക്കാർ. രാജ്പഥിന്റെയും സെൻട്രൽ വിസ്തയുടെയും പേര് മാറ്റി കർത്തവ്യപഥ് എന്ന് പുനർനാമകരണം ചെയ്യുമെന്ന് തീരുമാനമെടുത്തതായി കേന്ദ്രം. റെയ്സിന ഹില്ലിലെ രാഷ്ട്രപതി ഭവനിൽ നിന്ന് വിജയ് ചൗക്ക്, ഇന്ത്യ ഗേറ്റ് വഴി ഡൽഹിയിലെ നാഷണൽ സ്റ്റേഡിയം വരെയുളള പാതയാണിത്. ബ്രിട്ടീഷ് കോളനിയുടെ ഓർമ്മപ്പെടുത്തലുകൾ രാജ്യത്ത് നിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം പ്രഖ്യാപിച്ചത്.

രാജ്പഥിന്റെയും സെൻട്രൽ വിസ്തയുടെയും പേര് കർത്തവ്യപഥ് എന്ന് പുനർനാമകരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ എൻഡിഎംസി (ന്യൂ ഡൽഹി മുനിസിപ്പൽ കൗൺസിൽ) സെപ്തംബർ 7 ന് ഒരു പ്രത്യേക യോഗം വിളിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. നേതാജി പ്രതിമ മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള മുഴുവൻ പ്രദേശവും കർത്തവ്യപഥിൽ ഉൾപ്പെടുന്നു.

സ്വാതന്ത്ര്യ ദിനത്തിൽ, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, കൊളോണിയൽ ചിന്താഗതിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും അടയാളങ്ങളും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഇത്തരത്തിൽ നേരത്തെ, പ്രധാനമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന റോഡിന്റെ പേര് റേസ് കോഴ്സ് റോഡ് എന്നത് മാറ്റി ലോക് കല്യാൺ മാർഗ് എന്നാക്കി മാറ്റിയിരുന്നു.