ഐഎൻഎസ് വിക്രാന്ത്‌ വെള്ളിയാഴ്‌ച രാജ്യത്തിനു സമർപ്പിക്കും

0
55

പൂർണമായും തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ വിക്രാന്ത്‌ വെള്ളിയാഴ്‌ച രാജ്യത്തിനു സമർപ്പിക്കും. കൊച്ചി കപ്പൽശാലയിൽ രാവിലെ ഒമ്പതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കപ്പൽ രാജ്യത്തിനു സമർപ്പിക്കുന്നതോടെ ‘ഐഎൻഎസ്‌ വിക്രാന്ത്‌’ എന്ന പേരിൽ കപ്പൽ നാവികസേനയുടെ ഭാഗമാകും. മുകൾഡെക്കിൽ 10 യുദ്ധവിമാനങ്ങളും താഴെ 20 വിമാനങ്ങളും വിന്യസിക്കാൻശേഷിയുള്ളതാണ്‌ വിക്രാന്ത്‌. നിർമാണച്ചെലവ്‌ 20,000 കോടി രൂപയാണ്‌. 1971ലെ ഇന്ത്യ–പാക്‌ യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലിന്റെ പേരാണ് 2009ൽ നിർമാണം ആരംഭിച്ച ഈ കപ്പലിനും നൽകിയത്‌.

കമീഷൻ ചെയ്തശേഷം കപ്പലിന്റെ ക്രൂ ചുമതലയേൽക്കും. കോമഡോർ വിദ്യാധർ ഹർകെയാണ്‌ നിലവിൽ കപ്പലിന്റെ ചുമതലയുള്ള ഉയർന്ന ഉദ്യോഗസ്ഥൻ. അന്തിമഘട്ട പരീക്ഷണങ്ങൾക്കായി വിക്രാന്ത്‌ ഗോവയിലെ ഐഎൻഎസ്‌ ഹാൻസ നേവൽ എയർ സ്‌റ്റേഷനിലേക്കു കൊണ്ടുപോകും. പശ്ചിമ നാവിക കമാൻഡിനുകീഴിൽ ഒരുവർഷത്തോളം യുദ്ധവിമാനങ്ങൾ ടേക്‌ഓഫ്‌ ചെയ്തും ലാൻഡ്‌ ചെയ്തുമുള്ള പരീക്ഷണങ്ങളായിരിക്കും. അടുത്തവർഷം നവംബറോടെ വിക്രാന്ത്‌ പൂർണമായും യുദ്ധരംഗത്ത്‌ ഉപയോഗിക്കാനാകും.

വിക്രാന്ത്‌ നിർമിച്ച കൊച്ചി കപ്പൽശാല പൊതുമേഖലയുടെ സാങ്കേതിക മികവിന്റെയും കാര്യക്ഷമതയുടെയും പ്രതീകമായും മാറി. വിക്രാന്ത്‌–-2 ന്റെ നിർമാണച്ചുമതലയും ലഭിക്കാൻ സാധ്യതയേറി. പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്‌. കൊച്ചി കപ്പൽശാലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും വിക്രാന്ത്‌ നിർമാണം ഉപകരിച്ചു. നിർമാണത്തിനു നേതൃത്വം വഹിച്ച 100 എൻജിനിയർമാരിൽ 20 പേർ സ്ത്രീകളാണെന്നതും അഭിമാനം.