നേത്രദാനം ആവേശത്തോടെ ജനങ്ങൾ ഏറ്റെടുക്കണം: നിർമലാ ജിമ്മി

0
33

മരണാന്തരം നേത്രപടലം ദാനംചെയ്യുന്നതിലൂടെ മറ്റൊരാൾക്കു കൂടി കാഴ്ചയുടെ സൗഭാഗ്യം പകർന്നു നൽകാൻ കഴിയുമെന്നും രക്തദാനം പോലെ തന്നെ എല്ലാവർക്കും ഏറ്റെടുക്കാൻ കഴിയുന്ന ഒരു സത്കർമ്മമാണ് നേത്ര ദാനമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി പറഞ്ഞു. പാമ്പാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. പരിപാടിയോടൊപ്പം സഞ്ചരിക്കുന്ന ജില്ലാ നേത്ര പരിശോധനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പും മുണ്ടൻകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു. നേത്രദാനപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളിലും അയൽക്കൂട്ടങ്ങളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നേത്രദാന ബോധവത്കരണം സംഘടിപ്പിക്കും.

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ അബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:എൻ. പ്രിയ മുഖ്യപ്രഭാഷണവും നേത്രദാന പ്രതിജ്ഞ ഫോം സ്വീകരിക്കലും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ അജയ് മോഹൻ വിഷയാവതരണവും നടത്തി.

ജില്ലയിൽ ഏറ്റവുമധികം തിമിര ശസ്ത്രക്രിയകൾ നടത്തിയ ഡോ. സി.ജി. മിനിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയണിയിച്ചു. ജില്ലാ അന്ധതാ നിവാരണ സമിതി ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.ജി. സുരേഷ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, അകലക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ബാബു, കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ, ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സി.എം. മാത്യു, പാമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഹരികുമാർ, പാമ്പാടി ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പ്രേമ ബിജു, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാബു എം ഏബ്രഹാം, ഗ്രാമപഞ്ചായത്തംഗം ഷേർലി തര്യൻ, ഹെൽത്ത് സൂപ്പർവൈസർ കെ വിനോദ്കുമാർ, മീനടം ഹെൽത്ത് ഇൻസ്പെക്ടർ ഹിമാ മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്ധ്യ ചന്ദ്രശേഖർ, ഗോപകുമാർ എന്നിവർ സംസാരിച്ചു.