ആവശ്യമായ പൂക്കൾ നമുക്കുതന്നെ ഉദ്പാദിപ്പിക്കാൻ കഴിയും: മന്ത്രി പി.രാജീവ്

0
45

പതിവായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുമാണ് ഓണത്തിന് പൂക്കൾ വരുന്നതെന്നും നമുക്ക് ആവശ്യമായ പൂക്കൾ ഇവിടെ തന്നെ ഉദ്പാദിപ്പിക്കാൻ കഴിയുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഞങ്ങളും കൃഷിയുടെ ഭാഗമായി കരുമാലൂർ പത്താം വാർഡിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി വകുപ്പും ഹോർട്ടി കോർപ്പും ടൂറിസം വകുപ്പും പൂക്കളുടെ വിപണനം ഉറപ്പു വരുത്തുമെന്നും നല്ല രീതിയിലുള്ള വിളവ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

ഷംല ആഷിഫ്, ഫസീജ, സുനിത, സൈനബ, ലൈല എന്നിവരുടെ നേതൃത്വത്തിൽ കരുമാലൂർ ഗ്രാമപഞ്ചായത്തും വെളിയത്ത് നാട് സർവീസ് സഹകരണ ബാങ്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ റോസ് കുടുംബശ്രീ ജെ.എൽ ജി ഗ്രൂപ്പും സംയുക്തമായാണ് വിവിധ പ്ലോട്ടുകളിലായി രണ്ടേക്കർ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.

20,000 രൂപ മുടക്കിയ കൃഷിയിൽ നിന്നും അഞ്ച് ലക്ഷം രൂപ വരെ ലാഭം പ്രതീക്ഷിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കൃഷിയിൽ നിന്ന് വിജയകരമായ വിളവ് ലഭിച്ചതോടെ ആവേശത്തിലാണ് കർഷകർ.

ഹൈ വെജിന്റെ സുപ്രീം യെല്ലോ , അശോക സീഡിന്റെ അശോക ഓറഞ്ച് എഫ് – ഒന്ന് ഇനത്തിൽപ്പെട്ട ചെണ്ടുമല്ലി തൈകളാണ് നട്ടത്. ഓണ വിപണി ലക്ഷ്യമാക്കി ജൂൺ അവസാന വാരമാണ് തൈകൾ നട്ടത്. ഗുരുവായൂർ കെ.ടി. ജി യിൽ നിന്നാണ് തൈകൾ ലഭ്യമാക്കിയത്. കൃഷി വിജ്ഞാൻ കേന്ദ്രയുടെ മേൽനോട്ടവും ആത്മയുടെ പരിശീലനവും കൃഷിയിൽ ഉടനീളം ഉപകരിച്ചു. ഒരു ചെടിയിൽ നിന്ന് 30 മുതൽ 40 ഗ്രാം വരെ തൂക്കത്തിൽ പൂക്കൾ ലഭിക്കും. ഒരടി അകലത്തിലാണ് വാരം തയ്യാറാക്കി യിരിക്കുന്നത്. ചെടികൾക്കിടയിലും അകലം പാലിച്ചിട്ടുണ്ട്. രണ്ടിടങ്ങളിലായി ആകെ രണ്ടേക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിലം ഒരുക്കിയത്. 53 തൊഴിലാളികളാണ് കൃഷിക്കായി പ്രയത്നിച്ചത്. വർഷങ്ങളായി തരിശു കിടന്ന സ്വകാര്യ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി.
ചെണ്ടുമല്ലിത്തോട്ടം കാണുന്നതിനും സെൽഫി എടുക്കുന്നതിനും ദൂരെ നിന്നു പോലും ആളുകളെത്തുന്നു.

കരുമാല്ലൂർ ബ്ലോക്ക് പ്രസിഡന്റ് ശ്രീലത ലാലു, ആലങ്ങാട് ബ്ലോക്ക് മെമ്പർ ഷഹന അക്രം, വാർഡ് മെമ്പർ മുഹമ്മദ് മെഹജൂബ്, കരുമാല്ലൂർ സി.ഡി.എസ് ചെയർപേഴ്സൺ കവിത, ആത്മ പ്രൊജക്ട് ഡയറക്ടർ ഷീലാ പോൾ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിദ്യാ ഗോപിനാഥ് ,കൃഷി വിജ്ഞാന കേന്ദ്രം സയന്റിസ്റ്റ് ഡോ. ഷോജി എഡിസൺ, വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എഫ്.ബി ജയരാജ് , ജനപ്രതിനിധികൾ പങ്കെടുത്തു.