‘ശുചിത്വ സാഗരം’ പ്രാരംഭ ഘട്ടം വൻ വിജയം; ഒമ്പതു ജില്ലകളിൽക്കൂടി വ്യാപിപ്പിക്കുന്നു

0
87

കടലും കടൽത്തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി ഒമ്പതു ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. കൊല്ലം നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വൻ വിജയമായതിനെത്തുടർന്നാണ് സംസ്ഥാനത്തെ ഒമ്പതു തീരദേശ ജില്ലകളിലേക്കു വ്യാപിപ്പിക്കുന്നത്. അഞ്ചു കോടി രൂപയാണു പദ്ധതിക്കു ചെലവു പ്രതീക്ഷിക്കുന്നത്.

മത്സ്യബന്ധനയാനങ്ങളിൽ പോകുന്ന തൊഴിലാളികൾ മുഖേനയാണു പദ്ധതി നടപ്പാക്കുന്നത്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനു പ്രത്യേക ബാഗുകൾ നൽകും. നീണ്ടകരയിൽ ഇതുവരെ 8671 ബാഗുകൾ ഇങ്ങനെ വിതരണം ചെയ്തു. ഇതിൽ 6405 ബാഗുകൾ നിറയെ പ്ലാസ്റ്റിക്ക് മാലിന്യം അവർ കടലിൽനിന്നു ശേഖരിച്ചു. പദ്ധതി തുടങ്ങിയ 2017 നവംബർ മുതൽ ഇക്കഴിഞ്ഞ മെയ് വരെ 154.932 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഈ രീതിയിൽ കടലിൽ നിന്നു നീക്കാനായത്. ഫിഷറീസ്, ഹാർബർ എൻജിനിയറിംഗ്, സാഫ്, ശുചിത്വമിഷൻ, എൻ.ഇ.ടി.എഫ്.ഐ.എസ്.എച്ച് നേതൃത്വത്തിലാണു ശുചിത്വ സാഗരം പദ്ധതി നടപ്പാക്കുന്നത്.

കടലിൽനിന്നെത്തിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനു നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ പ്ലാസ്റ്റിക് വേസ്റ്റ് കളക്ഷൻ പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റിക് വൃത്തിയാക്കുന്നതിനായി ശക്തികുളങ്ങരയിൽ ക്ലീനിംഗ് യൂണിറ്റുമുണ്ട്. വൃത്തിയാക്കിയെത്തുന്ന പ്ലാസ്റ്റിക്ക് നീണ്ടകരയിലെ ഷ്രെഡിങ് യൂണിറ്റിലെത്തിച്ച് പെല്ലറ്റ് രൂപത്തിലാക്കി റോഡ് ടാറിംഗിന് ഉപയോഗിക്കും.

മാലിന്യ സംസ്‌കരണത്തിനൊപ്പം റീസൈക്ലിംഗ്/ റീയൂസിംഗ് സെക്ടറിൽ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാനും ശുചിത്വസാഗരം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ തീരമേഖലകളെ 590 ആക്ഷൻ പോയിന്റുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ ആക്ഷൻ പോയിന്റിലും 25 വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. പദ്ധതി നിർവ്വഹണത്തിനായി 15000 വോളണ്ടിയർമാരെ കൂടി വിന്യസിക്കും. ക്ലീൻകേരള കമ്പനി ലിമിറ്റഡും ഹരിതകേരള മിഷനും സംയുക്തമായി ഓരോ 200 മീറ്ററിലും ഓരോകളക്ഷൻ ബോക്സുകൾ സ്ഥാപിക്കും.
വിവിധ എൻജിഒകളിൽ നിന്നും ജിഒ,എൽഎസ്ജി, പിഎസ്.യു, എൻഎസ്എസ്, എൻസിസി, ഹരിതകർമ്മ സേന, കുടുംബശ്രീ, യൂത്ത് ക്ലബ്ബുകൾ, സാഫ്, എസ്ഇവിഎ, എൻആർഇജിപി, ഡ്രൈവർ അസോസിയേഷൻ, മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ, ബോട്ട് ഉടമ അസോസിയേഷനുകൾ, കടലോര ജാഗ്രതാ സമിതികൾ, ശുചിത്വ മിഷൻ, നെഹ്റു യുവ കേന്ദ്ര, സ്റ്റുഡന്റ്സ് യൂണിയൻ, ക്ലീൻ കേരള മിഷൻ, സ്റ്റേറ്റ് യൂത്ത് മിഷൻ, എൻഎസ്എസ്, എൻസിസി, എസ്പിസി തുടങ്ങിയ സംഘടനകളിൽ നിന്നും തെരഞ്ഞെടുക്കുന്ന വോളണ്ടിയർമാരാണ് പദ്ധതിയ്ക്കായി പ്രവർത്തിക്കുന്നത്.

ഷ്രെഡ്ഡിംഗ് യൂണിറ്റിലെത്തിച്ച് പ്രോസസ് ചെയ്യുന്നതിനൊപ്പം സമീപപ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച് പ്ലാസ്റ്റിക്ക് അടക്കം ക്ലീൻ കേരള കമ്പനിയ്ക്ക് 9.845 ടൺ പ്ലാസ്റ്റിക് വിൽപ്പന നടത്തി. കിലോയ്ക്ക് 22 രൂപ എന്ന നിരക്കിലാണ് പിഡബ്ല്യുഡി, എച്ച്ഇഡി, എൽഎസ്ജിഡി ടാറിംഗ് ജോലികൾക്കായി നൽകിയത്. പദ്ധതിയുടെ ഭാഗമായി ആകെ 22.63 ലക്ഷം രൂപയുടെ പ്ലാസ്റ്റിക് വിൽപ്പന നടത്തി.

590 കിലോമീറ്ററിലധികം കടൽത്തീരമുള്ള സംസ്ഥാനത്ത് വ്യാവസായിക-കാർഷിക മേഖലകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം തീരമേഖലകളിലെ കടൽജലത്തിലേക്കാണ് ചെന്നെത്തുന്നത്. മത്സ്യ സമ്പത്തിനും, തീരദേശത്തെ ജൈവീക ആവാസ്ഥ വ്യവസ്ഥയ്ക്കും ഒരുപോലെ ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യം തുടച്ചു നീക്കുക ലക്ഷ്യമിട്ടാണ് ‘ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി’ ആവിഷ്‌കരിച്ചിട്ടുള്ളത്.