കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ ‘ഇര’

0
56

കടയ്ക്കാവൂർ പോക്സോ കേസിൽ ആരോപണവിധേയായ അമ്മയും ഇരയെന്ന് സുപ്രീംകോടതി. പിതാവ് പകപോക്കുകയാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. അമ്മയ്ക്കെതിരായ മകൻറെ പരാതിക്ക് പിന്നിൽ അച്ഛനാണെന്ന് സംശയിച്ച് കൂടെയെന്നാണ് സുപ്രീംകോടതി ചോദിച്ചത്. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിൻറെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകൻ നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ചോദിച്ചത്. അതേസമയം കേസിൽ തന്റെ ഭാഗം കേൾക്കാതെയുള്ള ഏകപക്ഷീയമായ നടപടിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായതെന്ന് മകൻ വാദിച്ചു. ഇടക്കാല ഉത്തരവിനിടെ കേസ് റദ്ദാക്കിയെന്നും മകൻ കോടതിയെ അറിയിച്ചു.

പരാതിക്ക് പിന്നിൽ അച്ഛനാണെന്ന ആരോപണം മകന്റെ അഭിഭാഷകൻ നിഷേധിച്ചു. ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയിൽ ആയിരുന്നപ്പോഴാണ് മകൻ പരാതി നൽകിയതെന്ന് അഭിഭാഷകൻ വാദിച്ചു. മകൻ ഇപ്പോൾ കള്ളനെന്ന് മുദ്രകുത്തപ്പെടുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായാണ് അമ്മയും ഇരയാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ നൽകിയ വാദം ഹാ‍ജരാക്കാൻ കോടതി നിർദേശിച്ചു. ഇതിന് രണ്ടാഴ്ചത്തെ സമയം നൽകി. രണ്ടാഴ്ചത്തേക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി, കേസിൽ വിചാരണ നേരിടാൻ അമ്മയോട് നിർദേശിക്കണമെന്നാണ് അഭിഭാഷക അൻസു കെ.വർക്കി മുഖേനെ ഫയൽ ചെയ്ത ഹർജിയിലെ ആവശ്യം.

പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പിഡീപ്പിച്ചുവെന്ന കേസ് കേരളത്തിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കേസിൽ അറസ്റ്റിലായ അമ്മയ്ക്ക് പിന്നീട് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം നൽകുകയും സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തി ഡോ. ദിവ്യ ഗോപിനാഥിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വർഷം ജൂണിൽ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടുകയും ഡിസംബറിൽ തിരുവനന്തപുരം പോക്‌സോ കോടതി കേസിലെ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീല വിഡീയോ കാണുന്നത് അമ്മ കണ്ടുപിടിച്ചെന്നും ഈ സമയം രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. എട്ട് ഡോക്ടർമാർ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയിൽ പാർപ്പിച്ച് കുട്ടിയെ പരിശോധിച്ചിരുന്നു. മാനസികാരോഗ്യ വിദഗ്‍ധർ ഉൾപ്പെടുന്ന സംഘമാണ് പരിശോധിച്ച് റിപ്പോർട്ട് നൽകിയത്.