‘ബിജെപി’ നേതാവ് ഒളിവിൽ; കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് യുപി സർക്കാർ

0
51

നോയിഡയിലെ ഹൗസിംഗ് സൊസൈറ്റിയിൽ താമസിക്കുന്ന സ്ത്രീയെ അപമാനിച്ച കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗിയാണ് ഒളുവിൽ പോയത്. ത്യാഗിയുടെ വീടിന്റെ ഒരുഭാഗം ജെസിബി (earth mover) ഉപയോഗിച്ച് അധികൃതർ പൊളിച്ചുനീക്കി. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോയിഡ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ജെസിബികൾ ഉപയോഗിച്ച് വീട് പൊളിച്ചുനീക്കിയത്.

ബിജെപി കിസാൻ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും യുവ സമിതിയുടെ ദേശീയ കോർഡിനേറ്റുമാണ് ശ്രീകാന്ത് എന്നാണ് അദ്ദേഹം സ്വയംഅവകാശപ്പെടുന്നത്. എന്നാൽ പാർട്ടി ഇക്കാര്യം നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ.

നോയിഡയിലെ ഗ്രാന്റ് ഒമാക്‌സ് സൊസൈറ്റിയിൽ വെച്ച് ശ്രീകാന്ത് സ്ത്രീയെ അധിക്ഷേപിക്കുന്ന വീഡിയോ വൈറലായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ ശ്രീകാന്തിനെ കണ്ടെത്താൻ നോയിഡ പൊലീസ് മറ്റ് പൊലീസ് സേനകളുമായി സഹകരിച്ചിട്ടുണ്ട്. ഇതിനായി 12 ടീമുകൾ രൂപീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി ഇതുവരെ 50ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായും വൃത്തങ്ങൾ അറിയിച്ചു. ഒളിവിൽ കഴിയുന്ന ശ്രീകാന്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.