വിജയത്തേരിലേറി ദുൽഖറിന്റെ ‘സീതാരാമം’

0
55

സീതാരാമത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ചരിത്രം കുറിച്ച് ദുൽഖർ സൽമാൻ. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് സീതാരാമത്തിന്റെ ആഗോള ബോക്‌സ് ഓഫിസ് കളക്ഷൻ 25 കോടിയാണ്. തെലുങ്ക് ഇൻഡസ്ട്രിയിൽ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം ചലനം സൃഷ്ടിക്കുന്നത് ഇതാദ്യമാണ്.

ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ റിലീസ് ചെയ്ത ദിവസം നേടിയതിനേക്കാൾ ഇരട്ടിയാണ് രണ്ടാം ദിവസത്തെ കളക്ഷൻ. സീതാരാമത്തിലൂടെ തെന്നിന്ത്യയിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ. ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ സീതാരാമം റിലീസ് ചെയ്തത്.

കേരളത്തിൽ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കിൽ മൂന്നാം ദിവസം എത്തിനിൽക്കുമ്പോൾ അത് അഞ്ഞൂറിലധികമായി. തമിഴ്‌നാട്ടിൽ 200 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തീയറ്ററുകളിലാണ് പ്രദർശിപ്പിച്ചത്. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സീതാരാമത്തിലൂടെ യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡ് ദുൽഖർ സ്വന്തമാക്കി കഴിഞ്ഞു. യു.എസ്. പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്.