എലിപ്പനി: ശ്രദ്‌ധിക്കേണ്ടതെല്ലാം

0
9

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാധ്യതയുണ്ട്. വെള്ളംകയറിയ പ്രദേശത്തുള്ളവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സി സൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കണം. ഡോക്‌സി സൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. എലിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം. യാതൊരു കാരണവശാലും സ്വയംചികിത്സക്ക് മുതിരരുതെന്നും ഡി.എം.ഒ പറഞ്ഞു.

രോഗലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാകുന്ന ശക്തമായപനിയും, വിറയലുമാണ് പ്രാഥമികലക്ഷണങ്ങള്‍. കഠിനമായ തലവേദന, പേശിവേദന, കാല്‍മുട്ടിന് താഴെ വേദന, നടുവേദന, കണ്ണിന് ചുവപ്പു നിറം, ത്വക്കിനും, കണ്ണുകള്‍ക്കും മഞ്ഞനിറം ഉണ്ടാവുക, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയും രോഗലക്ഷണങ്ങളാണ്. പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാകുന്നു എങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം.

മുന്‍കരുതലെടുക്കാം
മലിന ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും സന്നദ്ധ പ്രവര്‍ത്തകരും കയ്യുറ, മുട്ടു വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും, കാലും സോപ്പും ഉപയോഗിച്ച് നന്നായി കഴുകണം. മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ച ആഴ്ചയിലൊരിക്കല്‍ ഡോക്‌സി സൈക്ലിന്‍ഗുളിക 200 മി.ഗ്രാം (100 മി.ഗ്രാം രണ്ട്ഗുളിക )കഴിക്കണം. എലിപ്പനി പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം.