രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

0
38

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. തൃണമൂല്‍ കോണ്‍ഗ്രസ് പദവികള്‍ അദ്ദേഹം ഒഴിയും. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സമയമായെന്നും മമത ബാനര്‍ജി ഇത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിന്‍ഹ ട്വീറ്റ് ചെയ്തു. ആദ്യ ഘട്ടം മുതല്‍ തന്നെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ പേരുകളില്‍ സിന്‍ഹയുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന് തൊട്ടുമുന്‍പാണ് സിന്‍ഹ ട്വീറ്റ് ചെയ്തിരിക്കുന്നത്. ദേശീയ താത്പര്യം പരിഗണിച്ച് പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിയാന്‍ തയ്യാറാകുന്നുവെന്ന ഒരു സൂചനയാണ് അദ്ദേഹം നല്‍കുന്നത്. പ്രതിപക്ഷ ഐക്യത്തിന് വേണ്ടി കൂടിയാണ് ഇത്തരമൊരു തീരുമാനമെന്നും സിന്‍ഹ പറയുന്നു.
കഴിഞ്ഞ ദിവസം ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സിന്‍ഹയുമായി സംസാരിച്ചിരുന്നു. അതേസമയം മറ്റൊരു പേര് ശുശീല്‍ കുമാര്‍ ഷിന്‍ഡേയായിരുന്നു. ബിഹാറില്‍ നിന്നുള്ള രാഷ്ട്രീയ നേതാവും മുന്‍ ബിജെപി കേന്ദ്ര മന്ത്രിയുമായിരുന്നു യശ്വന്ത് സിന്‍ഹ. അങ്ങനെയൊരാള്‍ സ്ഥാനാര്‍ഥിയാകുന്നതിലൂടെ എന്‍ഡിഎയില്‍ ഒരു കോട്ടം സൃഷ്ടിക്കാമെന്ന കണക്കുകൂട്ടലുമുണ്ട്. നിധീഷ് കുമാറിന്റെ ഭാഗത്ത് നിന്ന് ഒരു ബിഹാര്‍ സ്വദേശി രാഷ്ട്രപതിയാകണമെന്ന ആഗ്രഹമുണ്ടാകുകയാണെങ്കില്‍ അത് മുതലെടുക്കാമെന്ന ഒരു ലക്ഷ്യം ഈ തീരുമാനത്തിലുണ്ടോയെന്നും വരും ദിവസങ്ങളില്‍ വ്യക്തമാകും.
ബിഹാറില്‍ നിന്നും രാജേന്ദ്ര പ്രസാദിന് ശേഷം മറ്റൊരു ബിഹാര്‍ സ്വദേശി രാഷ്ട്രപതിയാകുന്ന സാഹചര്യം വന്നാല്‍ അതില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തിനും നിലപാടിനും വലിയ പ്രസക്തിയുണ്ട്. യശ്വന്ത് സിന്‍ഹയ്ക്ക് അനുകൂലമായ ഒരു തീരുമാനത്തിലേക്ക് നിതീഷ് കുമാര്‍ എത്തിയാല്‍ അത് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൊത്തം ചിത്രത്തെ തന്നെ മാറ്റാന്‍ പോന്നതായിരിക്കും.