ഇന്ത്യയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു

0
31

ബെംഗളൂരു: ഇന്ത്യയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ബെംഗളൂരുവില്‍ ഒരു കോവിഡ് മരണം രേഖപ്പെടുത്തി.
പനിയും ചുമയും അനുഭവപ്പെടുകയും തുടര്‍ന്ന് ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖം (ഐഎല്‍ഐ) ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്ത 72 കാരിയായ സ്ത്രീയാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. മേയ് 28 ന് ആശുപത്രയില്‍ പ്രവേശിപ്പിച്ച ഇവര്‍ അടുത്തദിവസം തന്നെ മരിച്ചിരുന്നു.

കര്‍ണാടകയിലെ പുതിയ കോവിഡ് -19 കേസുകളില്‍ ഭൂരിഭാഗവും ടെക് ഹബ്ബിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ നാലിന് റിപ്പോര്‍ട്ട് ചെയ്ത 301 പുതിയ കേസുകളില്‍ ബെംഗളൂരു അര്‍ബണ്‍ മേറസലയില്‍ മാത്രം 291 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭേദമാകുന്നതിനെക്കാള്‍ ഇരട്ടി വേഗത്തിലാണ് പുതിയ കേസുകള്‍ വര്‍ദ്ധിക്കുന്നത്. ആക്ടീവ് കേസുകളെ എണ്ണം വര്‍ദ്ധിക്കുകയാണ്. കര്‍ണാടകത്തില്‍ ഇപ്പോള്‍ 2,414 ആക്ടീവ് കോവിഡ് കേസുകളുണ്ട്. ഇതില്‍ 2,294 എണ്ണം ബെംഗളൂരു അര്‍ബണ്‍ മേഖലയിലാണ്.
ദിനംപ്രതി കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ആശങ്കയറിച്ച കേന്ദ്രം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. കോവിഡ് വ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം കത്ത് അയച്ചിരിരുന്നത്. കേസുകളുടെ വര്‍ധനവില്‍ ആശങ്ക രേഖപ്പെടുത്തി തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കായിരുന്നു കേന്ദ്രത്തിന്റെ കത്ത്.

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോട്ട് ചെയ്യുന്നത്. കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച്‌ മുന്നോട്ട് പോകണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അതേ സമയം, ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ 31.14 ശതമാനവും കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു . കഴിഞ്ഞ ആഴ്ചയില്‍ 4,139 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് എങ്കില്‍ ഇപ്പോള്‍ 6,556 പുതിയ കേസുകളായി വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് . കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് , പത്തനംതിട്ട , ഇടുക്കി , ആലപ്പുഴ , കൊല്ലം , കണ്ണൂര്‍ , മലപ്പുറം , വയനാട് എന്നീ 11 ജില്ലകളിലാണ് പ്രധാനമായും വര്‍ധനവ് പ്രകടമാകുന്നതെന്ന് കേന്ദ്രം അറിയിച്ചു.