സ്പൂൺ കൊണ്ട് ഭിത്തി തുരന്ന് ബുള്ളറ്റ് മോഷ്ടിച്ച് കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട യുവാവ് വാഹനാപകടത്തിൽ മരിച്ചു

0
30

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതി വാഹനാപകടത്തിൽ മരിച്ചു. ചികിത്സയിലിരിക്കെ തടവു ചാടിയ മലപ്പുറം കൽപകഞ്ചേരി സ്വദേശി മുഹമ്മദ് ഇർഫാൻ (23) ആണ് മരിച്ചത്. വാർഡ് മൂന്നിലെ ശുചിമുറിയുടെ ഭിത്തി സ്പൂൺ കൊണ്ട് തുരന്നാണ് യുവാവ് രക്ഷപ്പെട്ടത്. ആശുപത്രിയിൽ നിന്ന് പുറത്തുകടന്ന ഇർഫാൻ ഒരു ബുള്ളറ്റ് മോഷ്ടിച്ചാണ് രക്ഷപ്പെട്ടത്.ഇതിനിടെ മലപ്പുറത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

കോട്ടയ്‌ക്കലിൽവച്ച് മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടിച്ച ബുള്ളറ്റ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് പരുക്കേൽക്കുകയായിരുന്നു. കോട്ടയ്‌ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. നിരവധി മോഷണ കേസിലെ പ്രതിയായ ഇയാളെ ജില്ലാ ജയിലിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.

ഒരാഴ്ചക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. ഇവരിൽ രണ്ട് പേരെ കണ്ടെത്തിയിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ബാത്ത്‌റൂമിന്റെ വെൻറിലേറ്റർ പൊളിച്ച് ചാടി പോയ യുവാവിനെ ഷൊർണൂരിൽ നിന്നാണ് കണ്ടെത്തിയത്. പിന്നാലെ അടുത്ത ദിവസം പുലർച്ചെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയായ പെൺകുട്ടിയും ചാടിപ്പോയിരുന്നു. കെട്ടിടത്തിന്റെ ഓട് പൊളിച്ചാണ് പെൺകുട്ടി ചാടിപ്പോയത്.