108 വര്‍ഷമായി തുടരുന്ന മൂന്നേകര്‍ സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കം; അവസാനം തീർപ്പാക്കി കോടതി

0
30

പാറ്റ്ന: () 108 വര്‍ഷമായി തുടരുന്ന മൂന്നേകര്‍ സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കം അവസാനിപ്പിച്ച്‌ ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ കോടതി.
1914-ല്‍ ദര്‍ബാരി സിങ് എന്നയാള്‍ ആരംഭിച്ച നിയമയുദ്ധം അവസാനിപ്പിച്ച്‌ അഡീഷനല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ശ്വേത സിങ് പേരമകന്‍ അതുല്‍ സിംഗിന് അനുകൂലമായി വിധി പ്രസ്താവിച്ചു. ഇതിന് ജഡ്ജി അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ പ്രാണികളും കീടങ്ങളും തിന്നുതീര്‍ത്തിട്ടും ബുദ്ധിമുട്ട് ഏറ്റെടുത്ത് ഒടുവില്‍ അദ്ദേഹം വിധി പ്രസ്താവിച്ചെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ സതേന്ദ്ര സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘കോയില്‍വാര്‍ നഗര്‍ പഞ്ചായത് പരിധിയില്‍ വരുന്ന നാഥുനി ഖാന്റെ കുടുംബാംഗങ്ങളില്‍ നിന്നാണ് ദര്‍ബാരി സിംഗ് ഈ സ്ഥലം വാങ്ങിയത്. ഖാന്‍ 1911-ല്‍ മരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തമ്മില്‍ തങ്ങളുടെ സ്വത്തവകാശത്തെച്ചൊല്ലി കലഹമുണ്ടായി. നിയമക്കുരുക്കില്‍ കുടുങ്ങി ബ്രിടീഷ് സര്‍കാര്‍ ഈ സ്ഥലം ഉള്‍പെടുന്ന ഒമ്ബത് ഏകര്‍ എസ്റ്റേറ്റ് കണ്ടുകെട്ടി. നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ അതുല്‍ സിംഗിന് സ്ഥലം വിട്ടുകിട്ടുന്നതിനായി ബന്ധപ്പെട്ട സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്ന് ജഡ്ജി വിധിച്ചു’, അഭിഭാഷകന്‍ പറഞ്ഞു.

‘ഇന്‍ഡ്യ – പാകിസ്താന്‍ വിഭജനത്തിന് ശേഷം നാഥുനി ഖാന്റെ കുടുംബാംഗങ്ങള്‍ പാകിസ്താനിലേക്ക് കുടിയേറി. എന്റെ കുടുംബക്കാര്‍ നാല് തലമുറകളായി കേസ് നടത്തി. ഒടുവില്‍ കേസ് തീര്‍പ്പാക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. എന്റെ മുത്തച്ഛന്‍ ശിവവ്രത് നാരായണ്‍ സിംഗ് ആണ് കേസ് ശക്തമാക്കിയത്. അദ്ദേഹത്തിന്റെ മരണശേഷം എന്റെ പരേതനായ അച്ഛന്‍ ബദ്രി നാരായണ്‍ സിംഗ് ഏറ്റെടുത്തു’, അതുല്‍ സിംഗ് പറഞ്ഞു.