ടെക്‌സസിലെ സ്‌കൂളിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിക്ക് നേരെ വംശീയ അതിക്രമം; വീഡിയോ പുറത്ത്; പ്രതിഷേധം ശക്തം; ആക്രമിച്ചത് സഹപാഠി

0
57

ടെക്‌സസ്: യുഎസിലെ ടെക്‌സസിലെ സ്‌കൂളിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ വംശീയ ആക്രമണം. ഡാളസിന്റെ പ്രാന്തപ്രദേശത്തുളള കോപ്പൽ മിഡിൽ സ്‌കൂളിലാണ് സംഭവം. ഷാൻ പ്രിത്മണിയെന്ന മിഡിൽ സ്‌കൂൾ വിദ്യാർത്ഥിയാണ് ആക്രമണത്തിന് വിധേയനായത്. അതിനിടെ അക്രമത്തിന് ഇരയായ ഷാനിന് മൂന്ന് ദിവസത്തെ സസ്‌പെൻഷനും അക്രമം നടത്തിയ തദ്ദേശീയനായ വിദ്യാർത്ഥിക്ക് ഒരു ദിവസത്തെ സസ്‌പെൻഷനുമാണ് അധികൃതർ നൽകിയത്. ഇതും പ്രതിഷേധത്തിനിടയാക്കി.

സഹപാഠിയായ മറ്റൊരു വിദ്യാർത്ഥി സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത് ഓൺലൈനിലിട്ടതിനെ തുടർന്നാണ് പുറത്തറിഞ്ഞത്. ഇന്തോ അമേരിക്കൻ വംശജർ ഉൾപ്പെടെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അധികൃതരുടെ നടപടിയിൽ നോർത്ത് അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സ്റ്റുഡന്റ്‌സും പ്രതിഷേധം പ്രകടിപ്പിച്ചു. മെയ് 11 നായിരുന്നു സംഭവം. ഉച്ചഭക്ഷണ സമയത്ത് ക്ലാസിൽ ഇരിക്കുകയായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിക്ക് സമീപമെത്തി തദ്ദേശീയനായ വിദ്യാർത്ഥി എഴുന്നേൽക്കാൻ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

എന്നാൽ സീറ്റ് മാറാൻ വിസമ്മതിച്ച് അവിടെ തന്നെ ഇരുന്നതോടെ തദ്ദേശീയനായ വിദ്യാർത്ഥി അക്രമാസക്തനാകുകയായിരുന്നു. കൈ കൊണ്ട് ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയുടെ കഴുത്തിന് അമർത്തിപ്പിടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. കൈ തട്ടിമാറ്റിയതോടെ പിൻകഴുത്തിൽ കൈമുട്ടുവെച്ച് അമർത്തി വേദനിപ്പിക്കുന്നുമുണ്ട്. ഇതിന് ശേഷം ഇന്ത്യൻ വിദ്യാർത്ഥിയെ കഴുത്തിന് ചുറ്റിപ്പിടിച്ച് കസേരയിൽ നിന്ന് വലിച്ച് താഴെയിടുകയും ചെയ്തു. എന്നാൽ ഇത്രയും സമയവും മുറിയിൽ മറ്റ് വിദ്യാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല.