സൈലന്‍റ് വാലിയിൽ കാണാതായ വനംവകുപ്പ് വാച്ചർ പി പി രാജനായുള്ള കാട്ടിനകത്തെ വ്യാപക തെരച്ചിൽ വനംവകുപ്പ് അവസാനിപ്പിച്ചു

0
55

പാലക്കാട്: സൈലന്‍റ് വാലിയിൽ കാണാതായ വനംവകുപ്പ് വാച്ചർ പി പി രാജനായുള്ള (Watcher Rajan) കാട്ടിനകത്തെ വ്യാപക തെരച്ചിൽ വനംവകുപ്പ് അവസാനിപ്പിച്ചു. രണ്ടാഴ്ച 150 ഓളം വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധയാണ് അവസാനിപ്പിച്ചത്. തിരോധാനം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് രാജനെ കുറിച്ച് ഇതുവരെ സൂചനകൾ ഒന്നും കിട്ടിയിട്ടില്ല. ഇതര സംസ്ഥാനങ്ങളിലെ രാജന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.
ഇരുപതാം തീയതി മകളുടെ കല്യാണം ക്ഷണിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് മെയ് ആദ്യം രാജൻ കാട് കയറിയത്.  ജൂൺ പതിനൊന്നിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. സന്തോഷത്തോടെ രാജൻ ജോലിക്ക് പോയെങ്കിലും പിന്നീട് രാജനെ കാണാനില്ലെന്ന ദുഖഃവാർത്തയാണ് വീട്ടിലെത്തിയത്. ഒരു സൂചനയും കിട്ടാതെ രണ്ടാഴ്ച മൃഗങ്ങൾ അപയാപ്പെടുത്തതിയതിന് തെളിവില്ലെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. കാട്ടിലെ ക്യാമറകളിൽ ഒന്നും പതിഞ്ഞിട്ടില്ലെന്നാണ് പരിശോധനാ ഫലം. ഇനി കാട് തന്നെ പറയണം രാജൻ എവിടെ എന്ന്. രാജന്‍റെ മടങ്ങി വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. 
അതേസമയം, രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും പരിശോധിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അച്ഛൻ കാടുവിട്ട് വേറെങ്ങും പോകില്ലെന്നാണ് മകളും സഹോദരിയും പറയുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് സൈരന്ധ്രി കാടുകൾ. 20 വർഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നാണ് കുടംബം പറയുന്നത്. മാവോയിസ്റ്റുകൾ രാജനെ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടുപോയതാണോ എന്നും അന്വേഷിക്കണം എന്നാണ് കുടുംബത്തിന്‍റെ ആവശ്യം. രാജനെ വന്യമൃഗങ്ങള്‍ ആക്രമിച്ചതാകില്ല എന്ന നിഗമനത്തിലാണ് വനംവകുപ്പ് എത്തിയത്. പരിശോധനയിൽ തെളിവുകൾ കിട്ടാത്തതും ക്യാമറാ ട്രാപ്പുകളും നിരത്തിയാണ് വനംവകുപ്പിന്‍റെ നിഗമനം. എന്നാൽ അച്ഛൻ കാടുവിട്ട് മറ്റൊരിടത്തേക്കും പോകില്ല എന്നാണ് മകൾ പറയുന്നത്.