വാച്ചർ രാജനായുള്ള കാട്ടിലെ തെരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങി വനംവകുപ്പ്

0
93

ഇടുക്കി: സൈലൻ്റ് വാലി സൈരന്ധ്രിയിൽ കാണാതായ വനം വാച്ചറെ കണ്ടെത്താനായുള്ള തെരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങി വനം വകുപ്പ്.വനത്തിലെ തെരച്ചിലിൽ കാര്യമില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് വനം വകുപ്പ് ഈ തീരുമാനമെടുത്തത്.സൈലന്റ് വാലിയിലെ തെരച്ചിൽ ആണ് അവസാനിപ്പിക്കുന്നത്.ഇത് സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. എഴുപതോളം ക്യാമറകൾ പരിശോധിച്ചിട്ടും നിരാശയായിരുന്നു ഫലം.രാജന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

വാച്ചറെ വന്യമൃഗങ്ങൾ ആക്രമിച്ചിരിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം. രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അച്ഛൻ കാടുവിട്ട് വേറെങ്ങും പോകില്ലെന്നാണ് മകളും സഹോദരിയും പറയുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് സൈരന്ധ്രി കാടുകൾ. 20 വർഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നാണ് കുടുംബം പറയുന്നത്.

മാവോയിസ്റ്റുകൾ രാജനെ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടുപോയതാണോ എന്നും അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.അച്ഛൻ കാടുവിട്ട് മറ്റൊരിടത്തേക്കും പോകില്ല എന്നാണ് മകൾ പറയുന്നത്. അടുത്ത മാസം പതിനൊന്നിന് രാജന്റെ മകളുടെ വിവാഹമാണ്. അതിന് മുൻപേ രാജനെ കണ്ടെത്തണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനും കുടുംബം ആലോചിക്കുന്നുണ്ട്.