തക്കാളി പനി:അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്

0
57

ചെന്നൈ: കുട്ടികളിൽ തക്കാളി പനി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്.വാളയാറിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ പരിശോധിക്കുന്നു.അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലാണ് പരിശോധന നടത്തുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് പരിശോധന.കുഞ്ഞുങ്ങളുടെ ശരീരതാപനില ഉൾപ്പെടെ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്.

കേരളത്തിൽ 80ലധികം കുട്ടികൾക്കാണ് തക്കാളി പനി സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളാ – തമിഴ്‌നാട് അതിർത്തി ഗ്രാമമായ ആര്യങ്കാവ്, അഞ്ചൽ, നെടുവത്തൂർ എന്നീ പ്രദേശങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അപൂർവമായ വൈറൽ അണുബാധയാണ് തക്കാളിപ്പനി. തക്കാളിപ്പനി വൈറൽ പനിയാണോ അതോ ചിക്കുൻഗുനിയയുടെയോ ഡെങ്കിപ്പനിയുടെയോ അനന്തരഫലമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടുതലും രോഗം ബാധിച്ച കുട്ടികൾക്ക് ചൊറിച്ചിൽ, നിർജ്ജലീകരണം തുടങ്ങിയവ അനുഭവപ്പെടുന്നു. ഇത് ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ ഉണ്ടാകാൻ കാരണമാകുന്നു. ഈ കുമിളകൾ സാധാരണയായി വൃത്താകൃതിയിലും ചുവപ്പ് നിറത്തിലും കാണപ്പെടുന്നതിനാലാണ് തക്കാളിപ്പനി എന്ന പേര് ലഭിച്ചത്.