കൾട്ട്‍ലീ‍ഡറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 11 മൃതദേഹങ്ങൾ

0
31

തായ്‌ലൻഡി(Thailand)ലുള്ള ഒരു കൾട്ട്‍ലീ‍ഡറുടെ (cult leader) വീട്ടിൽ നിന്ന് കണ്ടെത്തിയത് 11 മൃതദേഹങ്ങൾ. തുടർന്ന്, പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. ‘എല്ലാ മതങ്ങളുടെയും പിതാവ്’ എന്ന് അവകാശപ്പെടുന്ന തവീ നൻലാൻ (Tawee Nanlan) എന്ന 74 -കാരനാണ് അറസ്റ്റിലായത്. തന്റെ മൂത്രം കുടിക്കാനും മറ്റും അനുയായികളെ അയാൾ നിർബന്ധിക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാത്രവുമല്ല, ഒരിക്കൽ അവിടെ എത്തിയാൽ പിന്നെ അനുയായികൾക്ക് അവിടെ നിന്ന് പുറത്ത് കടക്കാൻ കഴിയുമായിരുന്നില്ല.
ചൈയാഫും പ്രവിശ്യയിലെ കാടിന്റെ നടുവിലുള്ള അയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ്, ഒരു കുഞ്ഞ് ഉൾപ്പെടെയുള്ള പതിനൊന്ന് ഭക്തരുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തിയത്. അയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ചോർത്തികൊടുത്തത് അവിടത്തെ ഒരു അന്തേവാസിയുടെ മകളാണ്. 53 -കാരിയായ ഖുൻ ജെൻജിറയുടെ അമ്മയ്ക്ക് 80 വയസ്സുണ്ട്. അവർ ആ വീട്ടിൽ അകപ്പെട്ടുവെന്നും, കുടുംബത്തിലേക്ക് മടങ്ങുന്നതിൽ നിന്ന് അവരെ തവീ തടയുന്നുവെന്നും ഖുൻ പരാതിപ്പെട്ടു. “ഞാൻ എന്റെ അമ്മയെ കാണാൻ പോയി. അവിടെ എല്ലാവർക്കും യൂണിഫോം ഉണ്ടായിരുന്നു. സ്ത്രീകൾ മുട്ടോളം നീളമുള്ള വസ്ത്രവും, പുരുഷന്മാർ ഫോർമൽ ട്രൗസറും ധരിച്ചിരുന്നു. പരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരും ഷൂസ് ഊരി. അവരെ അയാളുടെ ശരീരത്തിലെ താരനുൾപ്പടെ കഴിക്കാൻ നിർദ്ദേശിച്ചിരുന്നു”  അവൾ പറഞ്ഞു.
മാത്രവുമല്ല, അയാളുടെ ഭക്തർ കൊവിഡ് നിയമങ്ങൾ ഒന്നും തന്നെ പാലിച്ചിരുന്നില്ല. ആളുകൾ ആരും മാസ്കുകൾ ധരിക്കുകയോ, സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. അയാളിൽ അടിയുറച്ച് വിശ്വസിക്കുന്നവർക്ക് കൊവിഡ് -19 വരില്ല എന്നായിരുന്നു അയാളുടെ അനുയായികളുടെ വിശ്വാസം. കൂടാതെ, തന്റെ വീട്ടുവളപ്പിൽ ഭക്തരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്, അവരുടെ ആത്മാക്കളെ സ്വർഗത്തിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനായിരുന്നുവെന്നായിരുന്നു അയാളുടെ വാദം. മരണപ്പെട്ടവരുടെ ബന്ധുക്കളിൽ നിന്ന് ഇതിനായുള്ള സമ്മതപത്രം എഴുതി വാങ്ങിയിരുന്നുവെന്ന് അയാളുടെ ഭക്തകളിൽ ഒരാളായ മന പറഞ്ഞു.
മൃതദേഹങ്ങൾ ഒരു സീൽ ചെയ്ത ബാഗിലായിരുന്നു സൂക്ഷിച്ചിരുന്നത്. മൃതദേഹം അഴുകാതിരിക്കാൻ ഫോർമാൽഡിഹൈഡ് കുത്തിവച്ചിരുന്നു. എന്നാൽ, തവീനെതിരെ അതിക്രമിച്ചുകടക്കൽ കുറ്റം മാത്രമേ ഇപ്പോൾ ചുമത്തപ്പെട്ടിട്ടുള്ളൂ. എന്നാൽ കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ക്യാമ്പ് സൈറ്റിൽ നടന്ന കാര്യങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ അധികാരികൾ ഞെട്ടലിലാണ്. പൊലീസ് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്ന് ചൈയാഫും പ്രവിശ്യാ ഗവർണർ ക്രൈസോൺ കോങ്‌ചലാദ് പറഞ്ഞു. മാത്രവുമല്ല, മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തി മരണകാരണം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഇയാൾക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.