ജയകരമായി പരീക്ഷണ പറക്കൽ പൂർത്തിയാക്കി ജെറ്റ് എയര്‍വേയ്സ്

0
57

വിജയകരമായി പരീക്ഷണ പറക്കൽ പൂർത്തിയാക്കി ജെറ്റ് എയര്‍വേയ്സ്. മൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ജെറ്റ് എയര്‍വേയ്സ് വീണ്ടും ആകാശത്തേക്ക് പറക്കാൻ തയ്യാറെടുക്കുകയാണ്. ഒരിക്കൽ ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ്. 2019 ൽ നിലത്തിറക്കിയ ജെറ്റ് എയർവേയ്സ് വിമാനങ്ങൾ വീണ്ടും ഒരു ടേക്ക്ഓഫിനായി ഒരുങ്ങുകയാണ്. ജെറ്റ് എയർവേയ്സിന് വീണ്ടും അനുമതി കിട്ടുന്നതിനായുള്ള പരീക്ഷണ പറക്കൽ  ഇന്നലെ നടന്നു. രണ്ടു മണിയോടെ ഹൈദരാബാദിൽ നിന്ന് പറന്നുയർന്ന വിമാനം ഒന്നര മണിക്കൂറിനു ശേഷം അവിടെ തന്നെ തിരിച്ചിറങ്ങി. തുടർന്ന് ബോയിംഗ് 737-800 വിമാനം  ഹൈദരാബാദിൽ നിന്ന് ദില്ലിയിലേക്ക് പറന്നു.
വിമാനത്തിൻറെ അനുമതിക്ക് ഇനി ‘പ്രൂവിംഗ് ഫ്ളൈറ്റുകളുടെ’ ആവശ്യമുണ്ട്. എയർ ഓപ്പറേറ്റർ സർട്ടിഫിക്കേഷൻ കിട്ടാനുള്ള നടപടികളുടെ ഒരു ഘട്ടമാണ് പ്രൂവിംഗ് ഫ്ളൈറ്റുകൾ. 2019 വരെയുള്ള സർട്ടിഫിക്കറ്റ് ജെറ്റ് എയർവെയ്സിന് പുതുക്കി വാങ്ങേണ്ടി വരും. ഡിജിസിഎ ഉദ്യോഗസ്ഥരുടെ കൂടി സാന്നിധ്യത്തിലാകും ഈ പരീക്ഷണ പറക്കൽ. വിമാന ജീവനക്കാരുടെ വൈദഗ്ധ്യം, സർവ്വീസിനായി ചെയ്തിരിക്കുന്ന ക്രമീകരണങ്ങൾ എന്നിവയൊക്കെ വിലയിരുത്തിയാകും വിമാനത്തിന് അന്തിമ അനുമതി നല്കുക. ഈ പ്രൂവിംഗ് ഫ്ളൈറ്റുകൾക്ക് മുന്നോടിയായുള്ള പറക്കലാണ് ഇന്നലെ നടന്നത്.
ജെറ്റ് എയർവേയ്സ് ഇന്ത്യയുടെ ആകാശങ്ങളിൽ തിരിച്ചെത്താനുള്ള ശ്രമങ്ങളിൽ മലയാളികളും പങ്കാളികളാണ്. ലണ്ടനിൽ നടന്ന സിമുലേറ്റർ ട്രെയിനിംഗിൽ മലയാളി പൈലറ്റുമാരായ ക്യാപ്റ്റൻ പ്രേംകുമാർ, സബിയ മരക്കാർ തുടങ്ങിയവരും പങ്കെടുത്തു. ജെറ്റ് എയർവെയ്സ് തിരിച്ചു വരുന്നതിലും ഇതിനു മുന്നോടിയായുള്ള നീക്കങ്ങളിൽ ഭാഗമാകുന്നതിലും അതിയായ സന്തോഷമുണ്ട്. ജെറ്റ് എയർവേയ്സിൽ ഇപ്പോഴുള്ള ജീവനക്കാരെല്ലാം പ്രതീക്ഷയോടെ ഇരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ജെറ്റ് എയർവേയ്സ് സജീവമാകും എന്നാണ് പ്രതീക്ഷ” എന്ന് ക്യാപ്റ്റൻ പ്രേംകുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
നരേഷ് ഗോയലിൻറെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയർവെയ്സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് 2019 ഏപ്രിലിൽ സർവ്വീസുകൾ നിർത്തിവെച്ചത്. പിന്നീട് കമ്പനി ഏറ്റെടുക്കാനായി എത്തിഹാദ് ഉൾപ്പടെയുള്ള വിദേശ എയർവേയ്സുകൾ ചർച്ചകൾ നടത്തിയിരുന്നു. കടം കയറിയ കമ്പനി ഏറ്റെടുക്കാൻ ഒടുവിൽ ദുബയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കൽറോക്ക് ക്യാപിറ്റലും തയ്യാറാവുകയായിരുന്നു. ജലാൻറെ കമ്പനിയും കറോക്കും  ചേർന്നുള്ള കൺസോർഷ്യമാകും ജെറ്റിനെ ഇനി നയിക്കുക. ജെറ്റ് എയർവെയ്സിൻറെ ഇരുപത്തിയൊമ്പതാം ജന്മദിനത്തിലാണ് ഇന്നലെ പരീക്ഷണ പറക്കൽ നടന്നത്.  ഇരുപത് വിമാനങ്ങൾ ഉപയോഗിച്ചാവും ജെറ്റ് എയർവേയ്സിൻറെ രണ്ടാം വരവിൻറെ തുടക്കം എന്നാണ് സൂചന. സ്പൈസ് ജെറ്റ് ഉൾപ്പടെയുള്ള കമ്പനികൾക്ക് വാടകയ്ക്ക് നല്കിയ വിമാനങ്ങൾ ജെറ്റ് ഏയർവേയ്സ് ഇതിനായി തിരിച്ചെടുക്കുകയാണ്.