പെൺകുട്ടികളെ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകി അമ്മ; കേസ് വ്യാജമാണെന്ന് കണ്ടെത്തി കോടതി

0
61

പത്തനംതിട്ട: പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അച്ഛനെ വെറുതെ വിടാൻ ഉത്തരവിട്ട് പോക്‌സോ കോടതി. പെൺകുട്ടികളുടെ അമ്മയാണ് പരാതി നൽകിയത്. വൈദ്യപരിശോധനഫലം ഉൾപ്പെടെ അടിസ്ഥാനമാക്കിയാണ് പത്തനംതിട്ട പോക്‌സോ സ്‌പെഷ്യൽ കോടതി ഈ ഉത്തരവിട്ടത്.

പത്തും ഏഴും വയസ്സ് പ്രായമുള്ള കുട്ടികളെ ഭർത്താവ് തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു എന്നായിരുന്നു ഭാര്യയുടെ പരാതി. എന്നാൽ കുടുംബപ്രശ്‌നങ്ങളെ തുടർന്നുള്ള ആരോപണങ്ങളാണെന്നും, ഭാര്യ ഉന്നയിച്ച വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. 2017ൽ പീഡനം നടന്നെന്നാണ് പരാതിയിൽ ആരോപിച്ചിരുന്നത്.

ഇരുവരും ഒന്നിച്ച് താമസിക്കവെ പീഡനം നടന്നുവെന്നും പിന്നീട് അകന്നു താമസിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടികളിൽ ഒരാൾ അച്ഛനെതിരെ മൊഴി നൽകിയെങ്കിലും മറ്റൊരാൾ മൊഴിമാറ്റി. വൈദ്യപരിശോധനാഫലം കൂടി പരിഗണിച്ച കോടതി കുട്ടികളുടെ അമ്മ ഉയർത്തിയ ആരോപണങ്ങൾ തള്ളുകയായിരുന്നു.