കെ.ജി.എഫ് 2; ഒ.ടി.ടി അവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

0
50

കെ.ജി.എഫിന്റെയും റോക്കിഭായിയുടേയും ബോക്സ് ഓഫീസ് പടയോട്ടം തുടരുന്നു. ആയിരം കോടിയും കടന്ന് മുന്നോട്ടുകുതിക്കുന്ന ചിത്രം മറ്റൊരു നേട്ടത്തിലെത്തിനിൽക്കുകയാണിപ്പോൾ. റെക്കോർഡ് തുകയ്ക്കാണ് കെ.ജി.എഫ്-ചാപ്റ്റർ 2ന്റെ ഒ.ടി.ടി അവകാശം വിറ്റുപോയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
320 കോടി രൂപയ്ക്കാണ് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോം ചിത്രം സ്വന്തമാക്കിയത്. ഈ മാസം 27 മുതൽ ചിത്രം ഒ.ടി.ടിയിലുമെത്തും എന്നാണ് വാർത്തകൾ. ആമസോൺ പ്രൈമിലൂടെ ചിത്രമെത്തും എന്നാണ് നേരത്തേ പ്രചരിച്ച റിപ്പോർട്ട്. ഇപ്പോൾ സിനിമ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത് ഇവർ തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
ഹോംബാലെ ഫിലിംസ് നിർമിച്ച് പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം കർണാടകയിലെ കോലാർ സ്വർണഖനി പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. രണ്ട് ഭാ​ഗങ്ങളായി ഇറങ്ങിയ ചിത്രത്തിന് വൻ വരവേല്പാണ് ലോകമെമ്പാടുനിന്നും ലഭിച്ചത്. റോക്കി ഭായ് എന്ന കഥാപാത്രമായെത്തിയ യഷിന് കന്നഡയ്ക്ക് പുറത്തേക്കും തന്റെ താരമൂല്യം ഉയർത്താൻ ചിത്രത്തിലൂടെ സാധിച്ചു.
ഹിന്ദി മൊഴിമാറ്റ പതിപ്പിന് മാത്രം നാനൂറ് കോടിയോളം നേടി ബോളിവുഡിനെയും റോക്കി ഭായിയും കൂട്ടരും ഞെട്ടിച്ചിരുന്നു. ഹിന്ദി ദേശീയഭാഷാ സംവാദവും ചിത്രത്തിന്റെ വിജയത്തേ തുടർന്ന് രാജ്യത്ത് ഉയർന്നു. ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ, സഞ്ജയ് ദത്ത്, റാവു വിശ്വനാഥ്, അച്യുത് കുമാർ, ഈശ്വരി റാവു തുടങ്ങിയവരായിരുന്നു മുഖ്യവേഷത്തിൽ. കേരളത്തിൽ നിന്ന് അറുപത് കോടിയോളമാണ് കെ.ജി.എഫ് രണ്ടാംഭാ​ഗത്തിന്റെ കളക്ഷൻ.