അന്തരിച്ച പിതാവിന്റെ ആഗ്രഹസഫലീകരണത്തിനായി ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഭൂമി ഈദ്ഗാഹിനായി സംഭാവന ചെയ്ത് ഹിന്ദുസഹോദരിമാര്‍

0
47

ഡെഹ്‌റാഡൂണ്‍: അന്തരിച്ച പിതാവിന്റെ ആഗ്രഹസഫലീകരണത്തിനായി ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഭൂമി ഈദ്ഗാഹിനായി സംഭാവന ചെയ്ത് ഹിന്ദുസഹോദരിമാര്‍. ഉത്തരാഖണ്ഡിലെ ഉധംസിങ് നഗര്‍ ജില്ലയിലെ കാശിപുര്‍ ഗ്രാമത്തില്‍നിന്നാണ് ഈ നല്ല മാതൃക. സഹോദരിമാരായ സരോജ്, അനിത എന്നിവരാണ് പിതാവ് ബ്രജ്‌നന്ദന്‍ പ്രസാദ് രസ്‌തോഗിയുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ കൃഷിഭൂമി ഈദ്ഗാഹിനായി വിട്ടുനല്‍കിയത്.
2003 ജനുവരിയിലാണ് ബ്രജ്‌നന്ദന്‍ രസ്‌തോഗി അന്തരിച്ചത്. ഈദ്ഗാഹ് നടക്കുന്ന സ്ഥലം വിപുലപ്പെടുത്താന്‍ തന്റെ ഭൂമി വിട്ടുകൊടുക്കാനുള്ള ആഗ്രഹം അടുത്ത ബന്ധുക്കളില്‍ ചിലരോട് രസ്‌തോഗി പങ്കുവെച്ചിരുന്നു. എന്നാല്‍ ഇക്കാര്യം മക്കളെ അറിയിക്കുന്നതിന് മുന്‍പേ അദ്ദേഹം മരിച്ചു. രണ്ടു പെണ്‍മക്കളില്‍, സരോജ് ഡല്‍ഹിയിലും അനിത മീററ്റിലുമാണ് താമസിക്കുന്നത്.
ഈയടുത്താണ് രസ്‌തോഗിയുടെ ആഗ്രഹത്തെ കുറിച്ച് ചില ബന്ധുക്കളില്‍നിന്ന് സരോജും അനിതയും അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍, കാശിപുരില്‍ താമസിക്കുന്ന സഹോദരന്‍ രാകേഷ് രസ്‌തോഗിയുമായി ബന്ധപ്പെട്ടു. രാകേഷിന്റെ സമ്മതം തേടിയായിരുന്നു ഇത്. രാകേഷും അച്ഛന്റെ ആഗ്രഹം സഫലീകരിക്കുന്നതിനോട് യോജിപ്പ് അറിയിച്ചു. തുടര്‍ന്ന് സരോജും അനിതയും ഞായറാഴ്ച കാശിപുരിലെത്തി ഭൂമി കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ബ്രജ്‌നന്ദന്‍ രസ്‌തോഗിയോടുള്ള നന്ദി സൂചിപ്പിക്കുന്നതിന്റെ ഭാഗമായി ഈദിന് നടന്ന പ്രാര്‍ഥനയില്‍ മുസ്‌ലിങ്ങള്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.