സംസ്ഥാനത്ത് ഭാഗികമായി നടപ്പിലാക്കിയ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി കെഎസ്ഇബി

0
66

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗികമായി നടപ്പിലാക്കിയ വൈദ്യുതി നിയന്ത്രണം കെഎസ്ഇബി ഒഴിവാക്കി.ഇന്നലെ ലോഡ് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നും ലോഡ് നിയന്ത്രണം ഉണ്ടായിരിക്കില്ല. അരുണാചൽ പ്രദേശ് പവർ ട്രേഡിംഗ് കോർപ്പറേഷൻ ,ഓഫർ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാർ മുൻപുള്ളതിലും താഴ്ന്ന നിരക്കിൽ സ്വീകരിക്കാനും, വൈദ്യുതി മെയ് മൂന്ന് മുതൽ ലഭ്യമാക്കി തുടങ്ങാനും തീരുമാനിച്ചു.

ഇതിനു പുറമേ, പവർ എക്‌സ്‌ചേഞ്ച് ഇൻഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാർ ചെയ്യുവാൻ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തി.ഇതോടെയാണ് വൈദ്യുതിയുടെ ലഭ്യതയിൽ ഉണ്ടായ കുറവ് ഏതാണ്ട് പൂർണ്ണമായും മറികടന്നത്. ഊർജ്ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങൾ വൈകീട്ട് 6 മുതൽ 11 വരെ പരമാവധി ഒഴിവാക്കാൻ കെഎസ്ഇബി അഭ്യർത്ഥിച്ചു.

അതേസമയം മാർച്ച്, ഏപ്രിൽ,മെയ് മാസങ്ങളിൽ 543 മെഗാവാട്ട് വരെ വൈദ്യുതി കമ്മി ഉണ്ടാകുമെന്ന് പ്രസരണ വിഭാഗം കഴിഞ്ഞ നവംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.ഈ നിർദ്ദേശം മാനിച്ച് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിൽ, ഇപ്പോഴത്തെ അധിക ബാധ്യത ഒഴിവാക്കാമായിരുന്നു എന്ന വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്.