കേന്ദ്ര സര്‍ക്കാര്‍ ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് ഇളവ് നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിനെയും ഉള്‍പ്പെടുത്തി

0
49

കുവൈത്ത് സിറ്റി: കേന്ദ്ര സര്‍ക്കാര്‍ ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് ഇളവ് നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിനെയും ഉള്‍പ്പെടുത്തി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പിസിആര്‍ പരിശോധന നടത്തേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈത്തില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലവും കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. ഏപ്രില്‍ 29ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പട്ടികയിലുള്‍പ്പെട്ട 108 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ ടി പിസിആര്‍ പരിശോധന ആവശ്യമില്ല.
ഹോങ് കോങ്, യുക്രൈന്‍, യുഎസ്എ, സിങ്കപ്പൂര്‍, ബ്രസീല്‍, ഈജിപ്ത്, ഇറാന്‍, മാല്‍ദ്വീപ്‌സ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പട്ടികയില്‍ കുവൈത്തിനെ ഉള്‍പ്പെടുത്താത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുവൈത്തിലുള്ള ഭൂരിഭാഗം ആളുകളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്. വലിയൊരു ശതമാനം ജനങ്ങളും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്.
അതേസമയം കുവൈത്തില്‍ പ്രവേശിക്കുന്നതിന് പ്രവാസികള്‍ ഇനി പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലാണ് ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വിദേശത്ത് നിന്ന് രാജ്യത്തെത്തുന്ന ആര്‍ക്കും പി.സി.ആര്‍ പി.സി.ആര്‍ പരിശോധന നിര്‍ബന്ധമല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. വാക്സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. 2022 മേയ് ഒന്ന് മുതലായിരിക്കും പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.