ദില്ലി സർക്കാർ ഇന്ധന നികുതി കുറക്കണം; അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപിയുടെ കൂറ്റൻ സമരം

0
52

ദില്ലി: സർക്കാർ ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി ദില്ലി അധ്യക്ഷൻ ആദേശ് ഗുപ്ത,  പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഉയർന്ന വാറ്റ് നിരക്ക് കാരണം ദില്ലിയിലെ ഇന്ധന വിലക്കയറ്റം സാധാരണക്കാരന്റെ  ജീവിതം ദുസ്സഹമാണെന്ന് ആദേശ് ​ഗുപ്ത പറഞ്ഞു. നേരത്തെ വില കുറവായതിനാൽ മറ്റു പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങളെത്തി ദില്ലിയിലെ പമ്പുകളിൽ പെട്രോളടിച്ചിരുന്നെന്നും ഇപ്പോൾ സാഹചര്യം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഡീസലിന്റെയും പെട്രോളിന്റെയും വാറ്റ് നിരക്ക് കുറച്ചെങ്കിലും അരവിന്ദ് കെജ്‌രിവാൾ ദില്ലിയിൽ നിരക്ക് കുറച്ചില്ല. അരവിന്ദ് കെജ്‌രിവാൾ സർക്കാരിന് മദ്യത്തിന് കിഴിവ് നൽകാൻ കഴിയും.  എന്നാൽ പൊതുജനങ്ങൾക്ക് ആശ്വാസം നൽകാൻ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നിരക്ക് കുറക്കില്ലെന്നും ആദേശ് ​​ഗുപ്ത പറഞ്ഞു.
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ദില്ലി സർക്കാർ നികുതി കുറക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെ യോ​ഗത്തിൽ ചില സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ബിജെപിയുടെ സമരം.  തമിഴ്‌നാട്, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര, കേരളം, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറച്ചിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
കേന്ദ്രം കഴിഞ്ഞ നവംബറിൽ ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചു. നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാർഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ വാറ്റ് കുറയ്ക്കാനും ആനുകൂല്യങ്ങൾ നൽകാനും ഞാൻ അഭ്യർത്ഥിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.  എന്നാൽ കേന്ദ്രമാണ് അടിക്കടി നികുതി ഉയർത്തിയതെന്നും കേരളം 2014ന് ശേഷം നികുതി വർധിപ്പിച്ചില്ലെന്നും കേരളം മറുപടി നൽകി. കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ  വാറ്റ് കുറച്ചിരുന്നു.