ഇറച്ചി മുറിക്കുന്ന യന്ത്രം വഴി സ്വർണക്കടത്ത്; പിന്നിൽ നിർമ്മാതാവ് ഉൾപ്പെടെ മൂന്നംഗ സംഘം; നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

0
34

കൊച്ചി; ഇറച്ചി മുറിക്കുന്ന യന്ത്രം വഴി സ്വർണക്കടത്ത് നടത്തിയ സംഭവത്തിന് പിന്നിൽ മൂന്നംഗ സംഘമെന്ന് പോലീസ്. സിനിമാ നിർമ്മാതാവ് സിറാജുദ്ദീൻ, എറണാകുളം സ്വദേശി തുരുത്തുമ്മേൽ സിറാജ് , തൃക്കാക്കര സ്വദേശി ഷാബിൻ എന്നിവർ ചേർന്നാണ് സ്വർണം കടത്തിയത്. പ്രതികൾ മുൻപും വലിയ യന്ത്രങ്ങളുടെ മറവിൽ സ്വർണം കടത്തിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇതിന്റെ ഭാഗമായി ബംഗളൂരു മുംബൈ വിമാനത്താവളങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മൂന്ന് പേരും ചേർന്നാണ് സ്വർണക്കടത്തിന് പണം മുടക്കിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകനാണ് ഷാബിൻ. ഇയാൾ നഗരസഭയിലെ കരാറുകാരനാണ്. ഇതുവഴി കിട്ടിയ പണവും വിദേശത്ത് സ്വർണം വാങ്ങാനായി ഉപയോഗിച്ചു എന്നാണ് കണ്ടെത്തൽ. സിനിമാ നിർമ്മാതാവായ സിറാജ്ജുദ്ദിന്റെ വീട്ടിൽ കസ്റ്റംസ് പ്രിവന്റീവ് സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. വാങ്ക്, ചാർമിനാർ സിനിമകളുടെ നിർമാതാവാണ് സിറാജുദ്ദീൻ. എഎ ഇബ്രാഹിംകുട്ടിയുടെയും സഹോദരന്റെയും വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഇവിടെ നിന്ന് ലാപ്‌ടോപ്പ് ഉൾപ്പെടെ കസ്റ്റംസ് പിടിച്ചെടുത്തു.

തുരുത്തുമ്മേൽ എന്റർപ്രൈസിന്റെ പേരിൽ നേരത്തെയും ഇത്തരത്തിൽ കാർഗോ എത്തിയിട്ടുണ്ട്. തുരുത്തുമ്മേൽ എൻറർ പ്രൈസസിന്റെ പേരിലാണ് ഇറച്ചി മുറിക്കുന്ന യന്ത്രം എത്തിച്ചത്. കമ്പനിയിലെ നാല് ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. തുടർന്നാണ് ഇബ്രാഹിം കുട്ടിയുടെ വീട് പരിശോധിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രിയാണ് ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം പിടികൂടിയത്. ദുബായിൽ നിന്ന് കാർഗോ വിമാനത്തിലെത്തിയ രണ്ടേകാൽ കിലോ സ്വർണ്ണമാണ് കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സംഭവത്തിൽ പാഴ്‌സൽ ഏറ്റെടുക്കാനെത്തിയ തൃക്കാക്കര സ്വദേശി നകുലിനെ കസ്റ്റഡിയിലെടുത്തിരുന്നു.