ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞു നിർത്തി ഒരു കോടി രൂപ കവർന്നു; 10 മലയാളികൾ പിടിയിൽ

0
94

ബംഗളുരു: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞു നിർത്തി ഒരു കോടി രൂപ കവർന്ന കേസിൽ 10 മലയാളികൾ അറസ്റ്റിൽ. മാദനായകനഹള്ളി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ സ്വദേശികളായ ജസീൻ ഫാരിസ്, സനഫ്, സമീർ, സൈനുലാബ്ദീൻ, എ.പി.ഷെപീഖ്, റംഷീദ് മുസ്താഫ്, തൃശൂർ സ്വദേശി പി.കെ.രാജീവ്, ചാലക്കുടി സ്വദേശികളായ വിഷ്ണുലാൽ, ടി.സി.സനൽ, എറണാകുളം മരട് സ്വദേശി അഖിൽ എന്നിവരാണ് അറസ്റ്റിലായത്.

പത്ത് ലക്ഷത്തോളം രൂപയും രണ്ട് കാറും ആയുധങ്ങളുമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. മാർച്ച് 11ാം തിയതി മാദനായകനഹള്ളിയിൽ വച്ചായിരുന്നു സംഭവം. ഹുബ്ബള്ളിയിലെ ബ്രാഞ്ചുകളിൽ നിന്ന് പണവുമായി നാഗർകോവിലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച് പണം കവരുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘത്തിൽ ഉൾപ്പെട്ടവരാണ് പിടിയിലായതെന്ന് ബംഗളുരു റൂറൽ പോലീസ് സൂപ്രണ്ട് കെ.വംശി കൃഷ്ണ വ്യക്തമാക്കി. കൊള്ളയടിച്ച തുകയിൽ 90 ലക്ഷം രൂപ ഇയാളുടെ കയ്യിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാൾക്ക് വേണ്ടിയും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.