വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും ഇടം; ഇലോണ്‍ മക്‌സിന്റെ ട്വിറ്റര്‍ വിടുന്നുവെന്ന് നടി

0
40

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് തൊട്ടുപിന്നാലെ തന്റെ അക്കൗണ്ട് ഉപക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഹോളിവുഡ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ജമീല ജാമില്‍. തന്റെ അവസാന ട്വീറ്റ് ആണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ്.
അദ്ദേഹത്തിന് ട്വിറ്റര്‍ ലഭിച്ചു. ഒരുപക്ഷെ ഇത് എന്റെ അവസാന ട്വീറ്റ് ആയിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതും ബറോള്‍ഡിന്റെ ചിത്രങ്ങള്‍ കാണിക്കുന്നതിന് വേണ്ടി. തികച്ചും നിയമവിരുദ്ധ വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും സ്ത്രീവിരുദ്ധതയുടെയും നരകമായി ഈ പ്ലാറ്റ്‌ഫോം മാറാന്‍ ഈ സ്വതന്ത്ര സംഭാഷണം സഹായിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുകയാണ്. എല്ലാ ആശംസകളും, ജമീല ജാമില്‍ കുറിച്ചു.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ ട്വിറ്റര്‍ ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഒട്ടേറെ പേര്‍ രംഗത്ത് വന്നിരുന്നു.
4400 കോടി ഡോളറിനാണ് ഇലോണ്‍ മസ്‌ക് കരാര്‍ ഒപ്പിട്ടത്. ഇതോടെ 16 വര്‍ഷം പ്രായമുള്ള ട്വിറ്റര്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയായി മാറി.
ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്ന് യാഥാര്‍ത്ഥ്യമായത്. 4400 കോടി ഡോളറിന് ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായതോടെ ട്വിറ്ററിലെ നിക്ഷേപകര്‍ക്കെല്ലാം ഷെയറിന് 54.2 ഡോളര്‍ വീതം ലഭിക്കും. മസ്‌ക് ട്വിറ്ററില്‍ ഓഹരി വാങ്ങിയെന്ന് ആദ്യമായി പ്രഖ്യാപിച്ച ഏപ്രില്‍ ഒന്നിലെ ട്വിറ്ററിന്റെ ഓഹരി മൂല്യത്തേക്കാള്‍ 38 ശതമാനം അധികമാണിത്.
അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ സ്വീകരിച്ചുവരുന്ന കടുത്ത നിലപാടുകള്‍ക്കെതിരാണ് ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന നിലപാടുകാരനാണ് അദ്ദേഹം. നിലവിലെ ഘടന അതിന് പ്രാപ്തമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.