തെറ്റായ ഡ്രൈവിംഗ് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ നടുറോഡിലിട്ട് തല്ലി ലീഗ് നേതാവ്, പിന്നോട്ടില്ലെന്ന് പെണ്‍കുട്ടികൾ

0
55

മലപ്പുറം: തേഞ്ഞിപ്പാലം പാണമ്പ്രയിൽ അമിത വേഗതയും തെറ്റായ ഡ്രൈവിംഗ് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ നടുറോഡിലിട്ട തല്ലി ലീഗ് നേതാവ്. തിരൂരങ്ങാടി സ്വദേശിയായും മുസ്ലീംലീഗ് പ്രാദേശിക നേതാവുമായ സി എച്ച് ഇബ്രാഹിം ഷബീരിനെതിരെയാണ് പെൺകുട്ടികളുടെ പരാതി.

തെറ്റായ ഡ്രൈവിംഗ് ചോദ്യംചെയ്ത് പെൺകുട്ടികളെ പരസ്യമായി ഇയാൾ തല്ലി എന്നും പോലീസിൽ പരാതിപ്പെട്ടപ്പോൾ ഷബീറിൻ്റെ സ്വാധീനം വച്ച് കേസ് ഒതുക്കാൻ ശ്രമം നടന്നതായുമാണ് പെൺകുട്ടികളുടെ ആരോപണം.

പെൺകുട്ടികളിൽ ഒരാളായ അസ്നയുടെ വാക്കുകൾ

കോഴിക്കോട് നിന്ന് മലപ്പുറം ജില്ലയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ഇബ്രാഹിം ഞങ്ങളുടെ വാഹനം അപകടത്തില്‍പ്പെടുന്ന രീതിയില്‍ തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തു. വണ്ടിയെ തട്ടുന്ന രീതിയിലാണ് അവര്‍ കാര്‍ ഓവര്‍ടേക്ക് ചെയ്തത്. വീഴാന്‍ പോയപ്പോഴാണ് പ്രതികരിച്ചത്. ഇതോടെയാണ് അയാള്‍ കാറില്‍ നിന്നിറങ്ങി മര്‍ദ്ദിച്ചത്. വണ്ടിയുടെ ഫോട്ടോ എടുത്തിരുന്നു. തുടര്‍ന്ന് നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി പരാതി നല്‍കി. പിന്നാലെ പൊലീസ് ആളെ കണ്ടുപിടിച്ച് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ശേഷമാണ് അവര് ലീഗിന്റെ സ്വാധീനമുള്ളവരാണെന്ന് അറിയാന്‍ സാധിച്ചത്.

അതെ സമയം പൊലീസ് കേസെടുത്തെങ്കിലും നിസാരമായ വകുപ്പുകള്‍ ചുമത്തി ഇബ്രാഹിനെ വിട്ടയ്ക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുക്കണമെന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അവര്‍ നിസാര വകുപ്പുകളാണ് ചുമത്തിയത്. നിങ്ങള്‍ നോക്കി ഓടിക്കേണ്ടേ എന്നൊക്കെയാണ് പൊലീസ് പറയുന്നത്. വ്യക്തമായ തെളിവുണ്ടായിട്ടും അവര്‍ നടപടി എടുക്കുന്നില്ല. ഇപ്പോള്‍ വെറുതെ വിട്ടാല്‍ അവര്‍ക്ക് ഇനിയും ആരെയും എന്തും ചെയ്യാമെന്ന നിലയുണ്ടാകും. അതുകൊണ്ട് അവരെ വെറുതെ വിടാന്‍ ഉദേശമില്ല. തക്കതായ ശിക്ഷ ലഭിക്കണമെന്നും അതിന് ഏതറ്റം വരെ പോകും അസ്ന പറഞ്ഞു.