സംസ്ഥാന ആരോഗ്യ ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ സ്പോര്‍ട്സ് മെഡിസിന്‍ സെന്റര്‍ സാധ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏഴാമത് സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ചമ്പ്യാൻഷിപ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ സ്റ്റേഡിയത്തിന്റെ വികസനത്തിന് മുന്നോടിയായി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഫ്ളഡ് സ്റ്റഡി നടത്തി ഡിപിആറില്‍ മാറ്റം വരുത്തും. സ്റ്റേഡിയം പൂര്‍ത്തിയാകുന്നതിന് ഒപ്പം സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള ഹോസ്റ്റലും നിര്‍മിക്കും. ഓരോ പഞ്ചായത്തിലും ഓരോ സ്റ്റേഡിയം എന്ന നിലയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കോവിഡ് മഹാമാരിക്കു ശേഷം കായിക മേഖല സജീവമായി വരുകയാണ്.
പ്രതികൂല സാഹചര്യങ്ങള്‍ക്ക് ഇടയിലും അത്യന്തം ആവേശകരമായാണ് ഈ ടൂര്‍ണമെന്റ് നടന്നതെന്നും മന്ത്രി പറഞ്ഞു. മത്സരത്തില്‍ വിജയികളായ ടീമുകള്‍ക്ക് മന്ത്രി ട്രോഫി സമ്മാനിച്ചു. ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിനെ പരിശീലിപ്പിച്ച കോച്ച് ജയകുമാര്‍, മുന്‍ ഹോക്കി താരം അനീറ്റ, കേരള ഹോക്കി ടീമിലേക്ക് പ്രവേശനം നേടിയ പ്രമോദ്, സിനി, പ്രശാന്ത്, ജില്ലാ സ്പോര്‍ട്സ് വാര്‍ഡന്‍ കെ സി സുരേന്ദ്രന്‍, ടൂര്‍ണമെന്റ് ഡയറക്ടര്‍ രാധാമണി സുകുമാരന്‍ തുടങ്ങിയവരെ ആദരിച്ചു. ജില്ലാ ഹോക്കി പ്രസിഡന്റ് കെ അനില്‍കുമാര്‍ അധ്യക്ഷനായി.