സ്വന്തം ലേഖകൻ
സംഘപരിവാർ അനുകൂല വാർത്തകളും പ്രത്യേക ഫീച്ചറുകളും മാത്രം ചെയ്താൽ മതിയെന്ന മാനേജ്‌മെന്റ് നിർദ്ദേശത്തെതുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് വിട്ട ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ പി ആർ സുനിൽ കൈരളി ടിവിയിലേക്ക്. സുനിലിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ച് കൊണ്ട് കൈരളിയിലെ മാധ്യമപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സംഘ്പരിവാറിനുവേണ്ടി വാർത്തയെഴുതണമെന്ന നിർദ്ദേശത്തെത്തുടർന്ന് സുനിൽ ഏഷ്യാനെറ്റിൽ നിന്നും രാജി വെച്ച വാർത്ത “നേരറിയാൻ” ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 2022 ജനവരി 27 നാണ് “നട്ടെല്ലുള്ളവർക്ക് ഈ വർഗീയപ്പണി പറ്റില്ല, ഗുഡ്ബൈ ഏഷ്യാനെറ്റ് എന്ന് പി ആർ സുനിൽ” എന്ന തലക്കെട്ടിലാണ് “നേരറിയാൻ” ഈ വാർത്ത പ്രസിദ്ധീകരിച്ചത്.
സംഘപരിവാർ അനുകൂല വാർത്തകൾ നൽകിയാൽ മതിയെന്ന് മാത്രമല്ല, സംഘപരിവാർ വിരുദ്ധ വാർത്തകൾ ഇനിമുതൽ കൈകാര്യം ചെയ്യേണ്ടന്നെയും അത്തരം വാർത്ത കൊടുക്കേണ്ടെന്നുമാണ് ഏഷ്യാനെറ്റ് മാനേജ്‌മെന്റിന്റെ നിർദ്ദേശം.
ഇതേത്തുടർന്നാണ് സുനിൽ സ്ഥാപനം വിട്ടത്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ വാർത്തകളും സംഘപരിവാറിന്റെ കലാപനീക്കങ്ങളും സുനിൽ വാർത്തകളിലൂടെ തുറന്നുകാട്ടിയിരുന്നു. കർഷകസമരം ഐതിഹാസിക വിജയമാണെന്ന് ഉദാഹരണസഹിതം വാർത്ത കൊടുത്തു. എന്നാൽ, മോഡി വിരുദ്ധ വാർത്തകൾ ചെയ്യരുതെന്നും അനുകൂല വാർത്തകൾ മതിയെന്നുമാണ് അടുത്തിടെ മാനേജ്‌മെന്റ് നിർദ്ദേശിച്ചത്. ഇതിൽ അസംതൃപ്തനായാണ് സുനിൽ ഏഷ്യാനെറ്റ് ന്യൂസ് വിട്ടത്.
ഡൽഹി കലാപവേളയിൽ സംഘപരിവാര്‍ നടത്തിയ അതിക്രമങ്ങള്‍ തുറന്നുകാണിച്ചുകൊണ്ടുള്ള പി ആര്‍ സുനിലിന്റെ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിഎഎ – എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങള്‍, ഹാത്രാസ് കൂട്ടബലാല്‍സംഗം, കര്‍ഷകപ്രക്ഷോഭം എന്നീ സമയങ്ങളിലെല്ലാം കേന്ദ്ര ഭരണകൂടത്തെയും സംഘപരിവാര്‍ സംഘടനകളെയും വിമര്‍ശിച്ചുകൊണ്ടുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ സുനിൽ നൽകി.
16 വർഷത്തിലേറെയായി ഡൽഹിയിൽ മാധ്യമപ്രവർത്തകനായ പി ആർ സുനിൽ സുപ്രീംകോടതി ബീറ്റും കൈകാര്യം ചെയ്തിട്ടുണ്ട്. സംഘപരിവാറിനെതിരെ നിർഭയമായി റിപ്പോർട്ട് ചെയ്യുന്ന അപൂർവം മാധ്യമപ്രവർത്തകരിൽ ഒരാൾ കൂടിയാണ് സുനിൽ. റിപ്പോർട്ട് ചെയ്യുന്ന വാര്‍ത്തകളില്‍ സത്യസന്ധത പുലര്‍ത്താനും സുനില്‍ ധൈര്യം കാട്ടിയിരുന്നു.
2020ലെ ഡല്‍ഹി കലാപത്തിലെ സംഘപരിവാറിന്റെ ക്രൂരത പുറംലോകത്തെ അറിയിച്ച മലയാളി മാധ്യമപ്രവർത്തകനും ഇദ്ദേഹമായിരുന്നു. ഡല്‍ഹി കലാപവേളയില്‍ സംഘപരിവാറിന്റെ മതം ചോദിച്ചും ജാതി ചോദിച്ചുള്ള അക്രമങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിൽ റിപ്പോർട്ട് ചെയ്തു. കലാപവേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലും ജാതിയും മതവും ചോദിച്ചുകൊണ്ടുള്ള അതിക്രമങ്ങള്‍ നടന്നതായി സുനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജയ്ശ്രീറാം വിളിക്കാത്തവര്‍ക്ക് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും ജീവനോടെ തിരിച്ചുവരാൻ കഴിയാത്ത സാഹചര്യമാണെന്ന കാര്യം പുറത്തുകൊണ്ടുവന്നതും സുനിലായിരുന്നു. ഡല്‍ഹി കലാപവേളയില്‍ വസ്ത്രമുയര്‍ത്തി ജനനേന്ദ്രിയം തിരിച്ചറിയല്‍ രേഖയാക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയും സുനിൽ ധൈര്യപൂർവം പുറത്തുകൊണ്ടുവന്നു. 16 വർഷത്തെ മാധ്യമപ്രവര്‍ത്തനകാലത്ത് ഇത്തരമൊരു ദുരനുഭവം മുമ്പ് ഉണ്ടായിട്ടില്ലെന്നും സുനിൽ ലൈവിൽ തുറന്നടിച്ചു.
കര്‍ഷകസമരം മോഡി സര്‍ക്കാരിന്റെ പരാജയമാണെന്നും കര്‍ഷകര്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കേണ്ടിവന്നെന്നും തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തു. പാലക്കാട് സ്വദേശിയായ സുനില്‍ നേരത്തെ കൈരളി ചാനലിലായിരുന്നു.
ചാനലുടമ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായതിനുപിന്നാലെയാണ് സംഘ്പരിവാർ വിരുദ്ധ വാർത്തകൾ വേണ്ടെന്ന തിട്ടൂരം മാനേജ്‌മെന്റ് ഇറക്കിയത്.
ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ വാർത്ത ചെയ്യുന്നവരെ നിരീക്ഷിക്കാൻ മാനേജ്‌മെന്റിൽ ചിലരെ നിയോഗിക്കുകയും ചെയ്തു. പ്രകടമായ സംഘപരിവാർ വിധേയത്വം പ്രകടിപ്പിക്കുന്ന ഏഷ്യാനെറ്റ് കടുത്ത സിപിഐ എം വിരുദ്ധരുടെ കൂടാരം കൂടിയാണ്.