ചീരകൃഷി വിളവെടുത്തു

0
134

വെമ്പായം പഞ്ചായത്തിലെ മുളങ്കാട് വാര്‍ഡിലെ ചീര കൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. വട്ടപ്പാറ ലൂര്‍ദ് മൗണ്ട് സ്‌കൂളില്‍ മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന നാലര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് മുളങ്കാട് വാര്‍ഡ് മെമ്പര്‍ രാജേഷ് കണ്ണന്റെ നേതൃത്വത്തില്‍ കൃഷിയിറക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കൃഷിയോഗ്യമാക്കിയ ഭൂമിയില്‍ പയര്‍, ചീര, വെണ്ട, പടവലം, മത്തന്‍, തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്.

കേരളം പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തമാകണമെന്നും തരിശുഭൂമി കൃഷിയോഗ്യമാക്കാന്‍ ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മാതൃകാപരമായ പ്രവര്‍ത്തനമാണ് മുളങ്കാട് വാര്‍ഡില്‍ നടക്കുന്നതെന്നും മറ്റുള്ളവര്‍ ഇത് മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു.

ചെങ്കല്‍ പഞ്ചായത്തിലെ വ്‌ളാത്താങ്കരയിലെ തങ്കയ്യന്‍ എന്ന കര്‍ഷകന്‍ വികസിപ്പിച്ച വ്‌ളാത്താങ്കര ചീരയാണ് ഇവിടെ കൃഷി ചെയ്തത്. കടും ചുവപ്പ് നിറത്തില്‍ കാണപ്പെടുന്ന ചീരയില്‍ നിന്ന് എട്ട് മാസം വരെ കര്‍ഷകന് വിളവെടുക്കാം. ഒരു ചീരയില്‍ നിന്നും 250 ഗ്രാം വിത്ത് വരെ ലഭിക്കും. കൃഷിയിടങ്ങള്‍ക്ക് പുറമേ വീടുകളുടെ പരിസരങ്ങളിലും കൃഷി ചെയ്യാമെന്നത് മറ്റൊരു മേന്മയാണ്. ചടങ്ങില്‍ വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്‍, കൃഷി ഓഫീസര്‍ ദീപ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരും പങ്കെടുത്തു.