യുവസംവിധായകന് ലിജുകൃഷ്ണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ നടിമാരായ ഗീതുമോഹന്‍ദാസ്, പാര്‍വതി എന്നിവര്‍ ഇൻഫോപാർക്ക് പൊലീസിന് മൊഴി നല്കി. വിവാഹവാഗ്ദാനം നല്കി 2020 ജൂണില്‍ കാക്കനാട് കളക്ടറേറ്റിന് സമീപത്തെ അപ്പാര്‍ട്ട്മെന്റിലും ഡിസംബറില്‍ എടത്തലയിലെ ഹോട്ടലിലും 2021 ജൂണില്‍ കണ്ണൂരുളള ലിജുവിന്റെ വീട്ടിലും വച്ച് പീഡിപ്പിച്ചതായി യുവതി വനിതാ അഭിനേതാക്കളുടെ സംഘടനയായ ഡബ്ല്യുസിസി ക്ക് കൊടുത്ത പരാതിയില്‍ യുവതി പറഞ്ഞിരുന്നു.
പരാതി ഡബ്ല്യുസിസിയാണ് കമ്മിഷണര്‍ക്ക് കൈമാറിയത്. തുടർന്നാണ് ഡബ്ള്യുസിസി ഭാരവാഹികളായ ഗീതു മോഹന്‍ദാസ്, പാര്‍വതി എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.
പരാതിയിൽ ലിജുകൃഷ്ണയെ കഴിഞ്ഞദിവസം ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട കാക്കനാട് കരിമക്കാട് താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയും സോഫ്റ്റ്വെയര് എന്‍ജിനിയറുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമായ പടവെട്ട് സിനിമയുടെ കണ്ണൂര്‍ മട്ടന്നൂരിലെ ലെക്കേഷനില്‍നിന്നാണ് ലിജുവിനെ കസ്റ്റഡിയില്‍ എടുത്തത്.