കെഎസ്ആര്‍ടിസി സിഫ്റ്റിന്റെ ആദ്യ എ സി വോള്‍വോ ബസ് തലസ്ഥാനത്തെത്തി

0
35

ദീർഘദൂര സർവീസുകൾക്കായി കെഎസ്ആർടിസി- സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി. വോൾവോ ബസുകളിൽ ആദ്യ ബസ് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ എട്ട് എ സി സ്ലീപ്പർ ബസുകളിൽ ആദ്യത്തെ ബസാണ് ഇന്ന് ആനയറയിലെ കെഎസ്ആർടിസി – സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്. സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ആധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.84 കോടി രൂപ ഉപയോ​ഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയിൽപ്പെട്ട 100 ബസുകളിലെ ആദ്യത്തെ ബസാണ് എത്തിയത്.

ബംഗളുരു ആസ്ഥാനമായുള്ള വി ഇ കോമേഴ്സ്യൽ വെഹിക്കിൽ പ്രൈവറ്റ് ലിമിറ്റഡ് ( വോൾവോ) എന്ന വാഹന നിർമ്മാതാവ് BS6 ശ്രേണിയിൽ ഉള്ള ഷാസിയിൽ സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്ലീപ്പർ ബസാണ് എത്തിയത്. 14.95 മീറ്റർ നീളത്തോട് കൂടിയ ബസിൽ 11 ലിറ്റർ എഞ്ചിൻ , 430 എച്ച്.പി പവർ നൽകുന്നുണ്ട്. ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഷ്റ്റ് ഓട്ടോമാറ്റിക് ​ഗിയർ സംവിധാനമാണ് ഈ ബസുകളിൽ ഉള്ളത്. സുരക്ഷ മുൻനിർത്തി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡറും, എ.ബി.എസ്, ആൻഡ് ഇ.ബി.ഡി , ഇ. എസ്.പി എന്നീ സംവിധാനങ്ങളും ഈ ബസിന് നൽകിയിട്ടുണ്ട്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയർ ബെല്ലോയോട് കൂടിയ സസ്പെൻഷൻ സിസ്റ്റവും, ട്യൂബ് ലെസ് ടയറുകളുമാണ് ബസുകളിൽ ഉള്ളത്.

ടെന്റർ നടപടികളിലൂടെ ബസ് ഒന്നിന് 1,38,50000 ( ഒരു കോടി മുപ്പത്തി എട്ട് ലക്ഷത്തി അമ്പതിനായിരം രൂപ) രൂപക്കാണ് ബസുകൾ വാങ്ങുന്നത്. 40 യാത്രക്കാർക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യുന്ന രീതിയിൽ സംയോജിപ്പിച്ചിരിക്കുന്ന ബെർത്തുകളാണ് ഈ ബസുകളിൽ. ദീർ‌‍ഘ ദൂര യാത്രക്കാർക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ഈ ബസുകൾ സർവ്വീസ് നടത്തുന്നതോടെ കെഎസ്ആർടിസി -സിഫ്റ്റ് ലക്ഷ്യമിടുന്നത്.

അശോക് ലൈലാന്റ് ഷാസിയിൽ നിർമ്മിച്ച 20 ലക്ഷ്വറി എ സി ബസുകളും ഉടൻ ലഭ്യമാകും. 47.12 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. 11.7 മീറ്റർ നീളത്തിൽ നീളവും, 197 HP പവൻ നൽകുന്ന എഞ്ചിൻ , എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോട് കൂടിയ 6 സ്പീഡ് ​ഗിയർ ബോക്സ്, ട്യൂബ് ലെസ് ടയറുകൾ, 4 വശവും എയർ സസ്പെൻഷൻ എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്. ഈ ബസുകളിൽ 41 യാത്രക്കാർക്ക് യാത്ര ചെയ്യാവുന്നതും ഏറെ സൗകര്യപ്രദമായതും സുഖകരമായ യാത്ര ഉറപ്പു വരുത്തുന്ന റിക്ലൈനിം​ഗ് സീറ്റുകളുമാണ് ഈ ബസുകളിൽ ഘടിപ്പിച്ചിരിക്കുന്നത്.

ദീർഘ ദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതൽ ല​ഗേജ് വെക്കുന്നതിനുള്ള ഇടം ഈ ബസുകളിൽ സജ്ജമാക്കിയിട്ടുണ്ട്. നാല് വശങ്ങളിലേയും എയർ സസ്പെൻഷൻ, യാത്ര കൂടുതൽ സുഖപ്രദമാക്കുന്നതിന് സഹായിക്കും. അശോക് ലൈലാന്റ് അം​ഗീകാരമുള്ള ബാം​ഗ്ലൂരിലെ എസ് എം കണ്ണപ്പ എന്ന വാഹന ബോഡി നിർമ്മാതാവാണ് ഈ ബസുകളുടെ ബോഡി നിർമ്മിച്ചിരിക്കുന്നത്.

കാലാവധി പൂത്തിയാക്കിയ ദീർഘ ദൂര സർവ്വീസുകൾക്കായി ഉപയോ​ഗിക്കുന്ന ബസുകൾ മാറ്റുന്നതിന് BS 6 ശ്രേണിയിലെ എയർ സസ്പെൻഷനോട് കൂടിയ 72 നോൺ എ.സി ഡീലക്സ് ബസുകളാണ് അശോക് ലൈലാന്റ് ഷാസിയിൽ നിർമ്മിച്ചിരിക്കുന്നത്. 33.79 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. സൗകര്യ പ്രദമായ റിക്ലൈനിം​ഗ് സീറ്റുകളോട് കൂടിയ ഈ ബസിൽ 41 യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാനാകും.

തൃച്ചിയിലുള്ള ​ഗ്ലോബൽ ടിവിഎസ് എന്ന പ്രമുഖ ബസ് ബോഡി നിർമ്മാതാക്കളാണ് 72 ബസുകൾക്ക് ബോഡി നിർമ്മിച്ചിരിക്കുന്നത്. 11.19 മീറ്റർ നീളവും, 197 HP പവറും, എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോട് കൂടിയ 6 സ്പീഡ് ​ഗിയർ ബോക്സ്, ട്യൂബ് ലെസ് ടയറുകൾ, എയർ സസ്പെൻഷൻ എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്.

ഈ ബസുകൾ എല്ലാവിധ സുരക്ഷാ മുൻകരുതലോട് കൂടി കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന ബസ് ബോഡി കോഡ് AIS:052 മാനദണ്ഡങ്ങളോട് കൂടിയാണ് ബസുകളുടെ ബോഡി നിർമ്മിച്ചിരിക്കുന്നത്. സുരക്ഷയെ മുൻനിർത്തി ഈ ബസുകളിൽ ഡ്യൂവൽ ക്യാമറ , വെഹിക്കിൽ ലോക്കേഷൻ ട്രാക്കിം​ഗ് ഡിവൈസ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.