രമേശ് ചെന്നിത്തലയേയും കെ മുരളീധരൻ എംപിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്നെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും തമ്മിൽ തെറ്റിക്കാൻ ചില നേതാക്കൾ തുനിഞ്ഞിറങ്ങിയിട്ടുണ്ടെന്നും ഇത് പരിധി വിട്ടാൽ കൈകാര്യം ചെയ്യുമെന്നും സതീശന്‍ തുറന്നടിച്ചു.
ഇക്കുറി ഒരു പണിയുമില്ലാതായ ചില നേതാക്കൾ തന്നെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും തമ്മില്‍ തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ കുത്തിത്തിരിപ്പ് നടത്തുകയാണ്. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായി അറിയാമെന്നും സതീശൻ കണ്ണൂരിൽ പറഞ്ഞു.
ഞാന്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്ന പ്രചാരണം ഇവര്‍ നടത്തുന്നു. ഈ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് ഒരു കൂറും ഇല്ല. അവര്‍ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയില്‍ മനസിലാക്കുകയാണ് വേണ്ടത്. എല്ലാ പരിധിയും വിട്ട് പോയാല്‍ ഇത് കൈകാര്യം ചെയ്യേണ്ടി വരും. മുരളീധരനും ചെന്നിത്തലയും എല്ലാം പറഞ്ഞു തീര്‍ത്തത് നല്ലതാണ്.
പുനഃസംഘടനയിൽ അതൃപ്തി അറിയിച്ച് എംപിമാര്‍ കത്ത് അയച്ചതില്‍ തെറ്റില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് രണ്ട് ദിവസത്തിനകം പട്ടിക പുറത്തുവിടും- വി ഡി സതീശന്‍ പറഞ്ഞു. ഇന്നലെയും ചെന്നിത്തലക്കെതിരെ സതീശൻ പരസ്യമായി രംഗത്തുവന്നിരുന്നു. താൻ ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നുമായിരുന്നു സതീശന്റെ പ്രതികരണം.
കോൺഗ്രസിലെ പുനഃസംഘടന നടപടി നിർത്തിവെക്കണമെന്ന് ഹൈക്കമാൻഡ് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരന് നിർദ്ദേശം നൽകിയിരുന്നു.
ഇതിനുപിന്നാലെ സംസ്ഥാന കോൺഗ്രസിൽ കലാപം രൂക്ഷമായിട്ടുണ്ട്. പുനഃസംഘടന നിർത്തിവെച്ചതിൽ രോഷാകുലനായ കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അതിനിടെ ഡിസിസി ഭാരവാഹികളുടെ പട്ടിക സംബന്ധിച്ച് ഇനിയും അന്തിമ തീരുമാനത്തിലെത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
സമവായ ശ്രമത്തിന്റ ഭാഗമായി കെ സുധാകരനും വി ഡി സതീശനും ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തും. കരട് പട്ടികയെപ്പറ്റി സുധാകരനുമായി സതീശന്‍ അനുകൂലികള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.