സ്ത്രീകളുടെ ശുചിമുറിയില്‍ പേപ്പറില്‍ പൊതിഞ്ഞ് ഒളിക്യാമറ; തൊഴിലാളി അറസ്റ്റില്‍

0
54

കോഴിക്കോട് നഗരത്തിലെ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജയാണ്(20) അറസ്റ്റിലായത്.

രാമനാട്ടുകര – എയര്‍പോര്‍ട്ട് റോഡിലുള്ള ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഹോട്ടലില്‍ ഭര്‍ത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയില്‍ കയറിയപ്പോള്‍ ജനലില്‍ വെള്ള പേപ്പര്‍ പൊതിഞ്ഞു വച്ചതു കണ്ടു. സംശയം തോന്നിയ പേപ്പര്‍ തുറന്നു നോക്കിയപ്പോള്‍ ഫോണ്‍ ക്യാമറ തുറന്നു വച്ച നിലയിലായിരുന്നു.

ഫോണ്‍ എടുത്തു വിവരം ഹോട്ടല്‍ ഉടമയെ അറിയിച്ച യുവതി പൊലീസില്‍ പരാതി നല്‍കി. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ജി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് ഫോണ്‍ പരിശോധിച്ചു. തൊഴിലാളിയെ ഹോട്ടലില്‍ എത്തി കസ്റ്റഡിയിലെടുത്തു. ഒന്നര മാസം മുന്‍പ് ഹോട്ടലില്‍ ജോലിക്കെത്തിയതാണ് യുവാവ്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.