കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ സുബീഷ്‌ ആശുപത്രി വിട്ടു; സന്തോഷം പങ്കുവെയ്‌ക്കാൻ ആരോഗ്യമന്ത്രിയും

0
49

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ സുബീഷ്‌ ഇന്ന്‌ ആശുപത്രി വിട്ടു. വീട്ടിലേക്കു പോകുന്നതിന്‌ മുന്നെയായി സുബിഷിനെ കാണാൻ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എത്തി. സുബീഷിന്‌ കരള്‍ പകുത്ത് നല്‍കിയ ഭാര്യ പ്രവിജയുമായും മന്ത്രി സന്തോഷം പങ്കുവച്ചു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു തൃശൂര്‍ സ്വദേശി സുബീഷിന്‌ ശസ്ത്രക്രിയ.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ പി ജയകുമാർ, സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ. സിന്ധു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഫെബ്രുവരി 14നാണ് സുബീഷിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചിരിക്കുന്നത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടമാണെന്ന്‌ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയത്. തിരുവനന്തപുരം, കോഴിക്കോട്‌ മെഡിക്കൽ കോളേജുകളിലും ഈ സംവിധാനം ഒരുക്കുമെന്ന്‌ മന്ത്രി പറഞ്ഞു.