യുക്രൈന്‍ തലസ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിൽ റഷ്യ ; പാര്‍ലമെന്റ് മന്ദിരത്തിനരികില്‍ റഷ്യന്‍ സൈന്യം

0
52

യുക്രെയിനിലെ സൈന്യത്തോടു ഭരണം പിടിച്ചെടുക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍. യുക്രെയിന്‍ ആയുധംവച്ചു കീഴടങ്ങിയാല്‍ ചര്‍ച്ചയാകാമെന്നും റഷ്യ. യുക്രെയിനെ മിസൈലിട്ടു കത്തിച്ചും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കിയും മുന്നേറുകയാണു റഷ്യന്‍ പട്ടാളം. അവസാന നിമിഷംവരെ പോരാടുമെന്നു യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി ആവര്‍ത്തിച്ചു. യുക്രെയിന്‍ തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിലെ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തും വന്‍തോതില്‍ ആള്‍നാശമുണ്ടായി. ആയിരത്തിലേറെ റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയിന്‍ അവകാശപ്പെട്ടു.

അതേസമയം യുക്രൈന്‍ തലസ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിലാണ് റഷ്യ. പാര്‍ലമെന്റ് മന്ദിരത്തിനരികില്‍ റഷ്യന്‍ സൈന്യമെത്തി. കീവിലെ ഒബലോണില്‍ വെടിയൊച്ചകള്‍ മുഴങ്ങി. ജനവാസ കേന്ദ്രത്തില്‍ സൈനിക ടാങ്കുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. മിസൈല്‍ ആക്രമണത്തില്‍ തലസ്ഥാനമായ കീവിലെ അപാര്‍ട്ടുമെന്റുകളും ഓഫീസ് മന്ദിരങ്ങളും അടക്കമുള്ള അനേകം കെട്ടിടങ്ങള്‍ തകര്‍ന്നു. താമസിക്കാന്‍ ഇടമില്ലാതെ അനേകായിരങ്ങള്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളില്‍ അഭയം തേടി.