ഐപിഎല്‍ മെഗാതാരലേലത്തിന് ബെംഗളൂരുവില്‍ തുടക്കമായി. ലേലത്തില്‍ ആദ്യ താരത്തിനെ സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ താരം ശിഖര്‍ ധവാനെയാണ് (8.25 കോടി) പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു ധവാന്‍.
അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍ അശ്വിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. അഞ്ച് കോടിക്കാണ് അശ്വിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്.
2018 മുതൽ താരലേലം നടത്തുന്ന ഹ്യൂ എഡ്മീഡ്സ് തന്നെയാണ് മെഗാതാരലേലവും നിയന്ത്രിക്കുന്നത്.
പുതിയ ടീമുകളായ ലക്നൗവിന്റെയും അഹമ്മദാബാദിന്റെയും ഉൾപ്പെടെ ആകെയുള്ള 10 ടീമുകളുടെയും പ്രതിനിധികൾ ലേലത്തിൽ പങ്കെടുക്കുന്നു. ഉയർന്ന വില പ്രതീക്ഷിക്കപ്പെടുന്ന മാർക്വീ താരങ്ങളുടെ ലേലമാണ് ആദ്യം നടക്കുക.
ബാറ്റർ, ഓൾറൗണ്ടർ, വിക്കറ്റ് കീപ്പർ–ബാറ്റർ, പേസ് ബോളർ, സ്പിൻ ബോളർ എന്നിങ്ങനെ തരംതിരിച്ച് പിന്നീട് ലേലം നടക്കും. ഇതിൽത്തന്നെ രാജ്യാന്തര താരങ്ങൾ, ആഭ്യന്തര താരങ്ങൾ എന്നിവരുടെ സെറ്റ് മാറിമാറി വരും.
ആകെ 62 ഗ്രൂപ്പുകളായാണ് കളിക്കാരെ തരം തിരിച്ചിരിക്കുന്നത്. ഇന്ന് 161 താരങ്ങളുടെ ലേലമാണ് നടക്കുക. നാളെ ടീമുകൾ താൽപര്യം പ്രകടിപ്പിക്കുന്ന കളിക്കാരുടെ ലേലം. ലേലത്തിൽ ‘അൺസോൾഡ്’ (വിറ്റുപോകാത്ത) കളിക്കാരെ പിന്നീടു പകരക്കാരായി ടീമിലെടുക്കാം.