“അലസ ജീവിത പ്രേമി, ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ, വിധി പറഞ്ഞതോ ഏഴേ ഏഴ്”, സിറിയക് ജോസഫിനെതിരെ വീണ്ടും കെ ടി ജലീല്‍

0
111

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള തന്റെ വിമര്‍ശനവും പരിഹാസവും തുടര്‍ന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ഔദ്യോഗിക ജീവിതത്തില്‍ സിറിയക് ജോസഫ് അലസനാണെന്നും കേസുകളില്‍ വിധി പറയാത്ത ന്യായാധിപനാണെന്നും പുസതകത്തെ ഉദ്ധരിച്ച് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘അലസ ജീവിത പ്രേമി’ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികള്‍!! വിധി പറഞ്ഞതോ ഏഴേ ഏഴ്. കെ ടി ജലീല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു. വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ന്യായാധിപനായിരിക്കെ വളരെ കുറച്ച് വിധിന്യായങ്ങൾ സിറിയക് ജോസഫ് തയ്യാറാക്കിയത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. സുധാംഷു രഞ്ജൻ എഴുതിയ ‘ജസ്റ്റിസ് വെഴ്സസ് ജുഡീഷ്യറി’ എന്ന പുസ്തകത്തിൽ നിന്നുള്ള വരികൾ ഉദ്ധരിച്ചാണ് വിമർശനം.

ദീര്‍ഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാതെ ഒരു കേസും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യില്ലെന്ന് അദ്ദേഹം കേരള ഹൈക്കാടതി ജഡ്ജിയായിരിക്കെ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹര്‍ലാല്‍ ഗുപ്ത താക്കീത് ചെയ്തിരുന്നുവെന്നും ജലീല്‍ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്റെ പൂർണരൂപം.

“അലസ ജീവിത പ്രേമി”ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ!! വിധി പറഞ്ഞതോ ഏഴേഏഴ്!!! ————————————- ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച “Justice versus Judiciary” എന്ന പുസ്തകത്തിൽ സുധാംഷു രൻജൻ എഴുതുന്നു:

“ദീർഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളിൽ തീർപ്പു കൽപ്പിക്കാതെ ഒരു കേസും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യില്ലെന്ന് അദ്ദേഹം കേരള ഹൈക്കാടതി ജഡ്ജിയായിരിക്കെ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹർ ലാൽ ഗുപ്ത താക്കീത് ചെയ്തിരുന്നു.

 

ഡൽഹി ഹൈക്കോടതിയിൽ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപൻ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു.
എന്നിട്ടും ഉത്തർഖണ്ഡിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം സ്ഥാനക്കയറ്റം നേടി. പിന്നീട് കർണാടകയിലും അതേ പദവിയിൽ എത്തിപ്പെട്ടു.
അപ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തനശൈലി അതുപോലെ തന്നെ തുടർന്നു.

ഇതെല്ലാമായിരുന്നിട്ടും സൂപ്രീംകോടതിയിലേക്ക് ജസ്റ്റിസ് സിറിയക് ജോസഫിന് സ്ഥാനക്കയറ്റം നൽകി. 2008 ജൂലൈ 7 മുതൽ 2012 ജനുവരി 27 വരെയുള്ള (മൂന്നര വർഷം) സേവനകാലയളവിൽ വെറും ഏഴ് വിധിപ്രസ്താവമാണ് അദ്ദേഹം തയ്യാറാക്കിയത്. കൂടാതെ 309 വിധിന്യായത്തിലും 135 ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചെങ്കിലും അവയെല്ലാം എഴുതി തയ്യാറാക്കിയത് അദ്ദേഹമുൾപ്പെട്ട ബെഞ്ചിലെ മറ്റു ജഡ്ജിമാരായിരുന്നു.

ഒരു വിധി പോലും എഴുതാതെ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുമെന്ന് കോടതി വരാന്തകളിൽ പിറുപിറുപ്പ് ഉയർന്ന അവസാനനാളുകളിലാണ് മേൽപ്പറഞ്ഞ ഏഴ് വിധിന്യായങ്ങളും അദ്ദേഹം തയ്യാറാക്കിയത്.

അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് എൻഎച്ച്ആർസി (ദേശീയ മനുഷ്യാവകാശ കമ്മീഷൻ) അംഗത്വം സമ്മാനിക്കുകയായിരുന്നു”(പേജ് 260).