മുഖ്യമന്ത്രി പിണറായി വിജയന് ദുബൈ ഭരണാധികാരിയുടെ ഊഷ്മള വരവേൽപ്പ്

0
97

ദുബൈ എക്സ്പോ 2020-ൻ്റെ വേദിയിൽ യുഎഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകി. അദ്ദേഹത്തോടൊപ്പം ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനും ദുബൈ സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം തുടങ്ങിയവരുമുണ്ടായിരുന്നു.

കേരളത്തിൻ്റെ വികസനത്തിൽ യുഎഇ നൽകി വരുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ മുൻകൈയ്യെടുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.

സംസ്ഥാന വ്യവസായമന്ത്രി പി രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫ് അലി എന്നിവരും സന്നിഹിതരായിരുന്നു.