വറ്റകളിലെ ‘ക്വീന്‍ഫിഷ്’; ഇന്ത്യന്‍ തീരത്ത് പുതിയ മത്സ്യം കൂടി കണ്ടെത്തി

0
98

ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയ ഒരു മത്സ്യം കൂടി. വറ്റ കുടുംബത്തില്‍പെട്ട പുതിയ മീനിനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) കണ്ടെത്തി. വറ്റകളില്‍തന്നെയുള്ള ‘ക്വീന്‍ഫിഷ്’ വിഭാഗത്തില്‍ പെടുന്ന ഈ മീനിനെ ശാസ്ത്രീയ പഠനങ്ങളിലൂടെയാണ് പുതിയ മത്സ്യമാണെന്ന് തിരിച്ചറിഞ്ഞത്. ‘സ്‌കോംബറോയിഡ്‌സ് പെലാജിക്കസ’് എന്നാണ് ശാസ്ത്രജ്ഞര്‍ ഈ മീനിന് നാമകരണം ചെയ്തിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പോളവറ്റ എന്നാണ് ഇതിന്റെ വിളിപ്പേര്.

ഇന്ത്യന്‍ തീരങ്ങളില്‍ 60ഓളം വറ്റയിനങ്ങളുണ്ട്. അവയില്‍ നാല് ക്വീന്‍ഫിഷുകളാണ് നിലവിലുണ്ടായിരുന്നത്. അഞ്ചാമത് ക്വീന്‍ഫിഷാണ് പുതുതായി കണ്ടെത്തിയ പോളവറ്റ. നേരത്തെ ഈ വിഭാത്തില്‍പെട്ട മൂന്ന് മീനുകള്‍ക്ക് വംശനാശം സംഭവിച്ചിരുന്നു. ഇത്തരത്തില്‍ അടുത്ത കാലത്തായി പല മീനുകള്‍ക്കും വംശനാശം സംഭവിക്കുമ്പോള്‍ സമുദ്രജൈവ വൈവിധ്യത്തിന് ശക്തിപകരുന്നതാണ് പോളവറ്റയുടെ കണ്ടെത്തലെന്ന് മീനിനെ കണ്ടെത്താന്‍ നേതൃത്വം നല്‍കിയ സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.ഇ എം അബ്ദുസ്സമദ് പറഞ്ഞു.