വാക്‌സിനെടുത്തശേഷം മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു; 1000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍

0
73

മകള്‍ മരിച്ചത് കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ കൊണ്ടാണെന്നും നഷ്ടപരിഹാരമായി ആയിരം കോടി തരണമെന്നുമാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍. മഹാരാഷ്ട്ര സര്‍ക്കാര്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ഔറംഗബാദ് സ്വദേശി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

നാസിക്കില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന മകള്‍ സ്‌നേഹല്‍ രണ്ടു ഡോസ് വാക്‌സിനുമെടുത്തിരുന്നതായി ഹരജിക്കാരനായ ദിലീപ് ലുനാവത് പറയുന്നു. 2021 ജനുവരി 28 ന് മകള്‍ വാക്‌സിന്‍ എടുക്കുകയും മാര്‍ച്ച്‌ ഒന്നിന് വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങള്‍ കാരണം മരിക്കുകയും ചെയ്തുവെന്നാണ് പിതാവ് പറയുന്നത്. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് മകള്‍ക്ക് രണ്ട് ഡോസുകളും നല്‍കിയത്.

കോവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും ശരീരത്തിന് അപകടമോ ഭീഷണിയോ ഇല്ലെന്നും സ്‌നേഹലിന് ഉറപ്പുനല്‍കിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകയായതിനാല്‍ കോളജില്‍ വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിതയായി. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഡയറക്ടര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നിവയുടെ തെറ്റായ വിവരണങ്ങളാണ് തന്റെ മകളെപ്പോലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്നും ഹരജിയില്‍ പറയുന്നു.